Thursday, February 5, 2009

ഹൌ!! എന്തൊരു മഞ്ഞ്..! (കുറച്ച് മഞ്ഞു ചിത്രങ്ങള്‍)

ഗ്ലോബല്‍ വാമിങ്ങ് എന്ന പ്രതിഭാസം മനുഷ്യരാല്‍ ഉണ്ടാകുന്നതല്ല എന്നും സൂര്യനില്‍ നിന്നുള്ള ഭൂമിയുടെ അകലം (ചുറ്റിത്തിരിയലിനിടയില്‍) കുറഞ്ഞും കൂടിയും വരുന്നതിനാലാണെന്നു കഴിഞ്ഞദിവസം ഒരു ചേട്ടായി റ്റിവിയില്‍ വന്നു പറയുന്നതു കേട്ടായിരുന്നു. ഇനിയിപ്പോള്‍ കുറച്ചുനാളുകള്‍ അകലം കൂടിയിരിക്കുന്നതിനാല്‍ ഗ്ലോബല്‍ കൂളിങ്ങായിരിക്കുമത്രേ! അതില്‍ വിശ്വാസമൊന്നുമില്ലെങ്കിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു ഈ വര്‍ഷം മഞ്ഞ് പെയ്ത ദിവസങ്ങള്‍ അനവധി. ഗ്ലോബല്‍ കൂളിങ്ങ് വരട്ടെ ഉത്തര ധ്രുവത്തിലെ ധ്രുവക്കരടിക്കുട്ടന്മാര്‍ക്ക് ഓടിച്ചാടിക്കളിക്കാന്‍ ഒത്തിരി ഒത്തിരി മഞ്ഞുമലകള്‍ ഉണ്ടാവട്ടെ എന്നൊക്കെ, സാറാ പാളിനോടൊട്ടും താല്‍പ്പര്യമില്ലാത്ത, ഞാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ മാസങ്ങളില്‍ നടത്തിയ മഞ്ഞ് മാറ്റലിനു ശേഷം മിനിയാന്നും മൂന്നുതവണ ഷവല്‍ ചെയ്യേണ്ടി വന്നപ്പോള്‍ എന്റെ ക്ഷമയുടെ നെല്ലിപ്പലക തകര്‍ന്നു.






“മഞ്ഞേ വാ.. എന്ന് പണ്ട് പാടി നടന്നതും എം. ടി യുടെ മഞ്ഞ് വായിച്ചിഷ്ടപ്പെട്ടതും ഡോക്ടര്‍ ഴിവാഗൊ സിനിമയിലെ മഞ്ഞ് (മെഴുകാണെന്നറിയാതെ) കണ്ട് കൊതിച്ചതുമൊക്കെ മറന്നിട്ടല്ല ഇതെഴുതുന്നത്. പടങ്ങളില്‍ കാണാന്‍ നല്ല രസവും എന്നല്‍ നേരിട്ടനുഭവിക്കുന്നവരുടെ പരിപ്പിളക്കുകയും ചെയ്യുന്ന ഒരു പ്രതിഭാസമാണീ മഞ്ഞ് പെയ്യല്‍!









ഏതായാലും ഈ കൊടും തണുപ്പുകാരണം ഹീറ്റിങ്ങ് ഗ്യാസ് ബില്‍ കഴിഞ്ഞ വിന്ററിലേതിന്റെ ഇരട്ടി. മഞ്ഞ് തള്ളി മാറ്റി ഒടിഞ്ഞ ഷവല്‍ രണ്ടെണ്ണം. ഉപ്പ്, കാറിന്റെ വിന്‍ഡ് ഷീല്‍ഡ് വാഷര്‍ ഫ്ലൂയിഡ്, കാര്‍ വിന്ഡോ ഗ്ലാസ് സ്ക്രേപ്പര്‍ എന്നിവയ്ക്കു ചിലവു വേറെ! മഞ്ഞുഷവലു ചെയ്യുന്നതിന്റെ ബുദ്ധിമുട്ടോര്‍ക്കുമ്പോള്‍ അല്‍പ്പം കാശ് പോയാലും വേണ്ടില്ല ഒരു സ്നോ ബ്ലോവര്‍ വാങ്ങാമെന്നു വിചാരിക്കുമെങ്കിലും ഉള്ളിലെ പിശുക്ക് “അത്രയെങ്കിലും എക്സര്‍സൈസ് കിട്ടട്ടെ” എന്ന ആരോഗ്യചിന്തയായി പരിണമിച്ച് ബ്ലോവറിനെ തള്ളിമാറ്റും.



ഒന്നുരണ്ടിഞ്ചു വരെയുള്ള മഞ്ഞ് എന്റെ വാനിനു പ്രശ്നമല്ലെങ്കിലും അതില്‍ കൂടിയാല്‍ പിന്നെ നാട്ടുമ്പുറത്തെ ഷാപ്പില്‍ നിന്നും അന്തിവിസിറ്റും കഴിഞ്ഞ് പോകുന്നവരെപ്പോലെ ഇങ്ങോട്ടു പിടിക്കുമ്പോള്‍ അങ്ങോട്ടുപോകും (ദോഷം പറയരുതല്ലോ വണ്ടി സ്കിഡ് ചെയ്യുമ്പോള്‍ സ്കിഡ് ചെയ്യുന്നു എന്ന് പടം ഡാഷ്ബോര്‍ഡില്‍ കാണിയ്ക്കും-എനിക്കാണെങ്കില്‍ അതു കാണുമ്പോള്‍ നമ്മള്‍ വീഴുന്നതു കാണുമ്പോള്‍ കൈകൊട്ടി ചിരിക്കുന്ന കുട്ടികളെ ഓര്‍മ്മ വരും).




റോഡൊക്കെ റ്റൌണ്‍ഷിപ്പുകാരും വീടിന്റ്റെ ചുറ്റുപാടൊക്കെ ഡെവലപ്മെന്റുകാരും ക്ലീനാക്കി, നന്നായി മഞ്ഞു മാറ്റിത്തരുമെങ്കിലും ഡ്രൈവ് വേ എന്ന വണ്ടി ഗരാജിലേയ്ക്കു കേറ്റുന്ന വഴിയും വാക് വേയും നമ്മളുതന്നെ ക്ലീന്‍ ചെയ്യണം. അമേരിയ്ക്കയില്‍ വന്നെറങ്ങിയപ്പോള്‍ മുതല്‍ ആളുകള്‍ പറഞ്ഞു പേടിപ്പിച്ച് വച്ചിരിയ്ക്കുന്നതാണ് “നമ്മുടെ ഡ്രൈവ് വേയിലോ വാക് വേയിലോ വല്ലവരും വീണാല്‍ അവര്‍ സ്യൂ ചെയ്യും. പിന്നെ കുടുംബം വില്‍ക്കേണ്ടിവരും കാശ് കൊടുക്കാനെന്ന്”. പൈസ ഒത്തിരി ഉണ്ടെങ്കിലും അതിന്റെ അഹങ്കാരമില്ലാത്തതുകൊണ്ടും റിസ്ക് എടുക്കാന്‍ ഒട്ടും താല്‍പ്പര്യമില്ലാത്തതുകൊണ്ടും‍ അല്‍പ്പം കഷ്ടപ്പാടാണേലും മഞ്ഞു മാറ്റിയേക്കാം എന്നു കരുതുന്നത്.



മഞ്ഞുമാറ്റിയ റോഡ്


പിന്നെ നിങ്ങളുടെ അയല്പക്കത്ത് അല്‍പ്പം പ്രായമുള്ള വല്യപ്പനും വല്യമ്മയും കൂടെയാണെങ്കില്‍ കൂനിന്മേല്‍ കുരു എന്നു പറഞ്ഞതു പോലെ അവരുടെ മഞ്ഞുമാറ്റല്‍ കൂടെ നമ്മുടെ തലയിലാകും. സാരമില്ല ഈ ലോലമനസ്സുകാരുടെ ഓരോ ബുദ്ധിമുട്ടുകളേ!



രണ്ടുമൂന്നു ലേയര്‍ ഡ്രെസ്സിടീയ്ക്കാതെ പിള്ളേരെയും വെളിയിലിറക്കാന്‍ പറ്റില്ല. സ്വെറ്റര്‍, ജായ്ക്കറ്റ്, ക്യാപ്, ഗ്ലൌസ് തുടങ്ങി അനുസാരികള്‍ വേറേ. അതിനിടയിലായിരിയ്ക്കും പിള്ളേര്‍ക്ക് സ്നൊമാന്‍, ഇഗ്ലൂ, സ്നൊ സ്ലൈഡിങ്ങ് തുടങ്ങിയ ഐഡിയകള്‍ വരുന്നത്. കളിയ്ക്കാന്‍ ഇറങ്ങി തിരിച്ചു കേറേണ്ട താമസം തുടങ്ങും മൂക്കു ചീറ്റലും പിഴിച്ചിലും!


ലാണ്ടെ ആ ചേട്ടായി ഉപയോഗിക്കുന്നതാണ് സ്നോ ബ്ലോവര്‍


എങ്ങാനും കുറച്ച് സ്നോ അധികം വീണാല്‍ ഉടന്‍ സ്കൂളുകാര്‍ വിളിച്ച് സ്കൂള്‍ ക്ലോസിങ്ങ്, ഡിലേയ്ഡ് സ്റ്റാര്‍ട്ടിങ്ങ് അല്ലെങ്കില്‍ ഏര്‍ളി ക്ലോസിങ്ങ് എന്നു മെസ്സേജിടും. അപ്പനുമമ്മയും ജോലിചെയ്യുന്ന കുടുംബങ്ങളാണെങ്കില്‍ പിന്നെ ചുറ്റി. ആര്‍ക്കെങ്കിലും ലീവെടുക്കുകയോ താമസിച്ച് ഓഫീസില്‍ പോകുകയോ നേരത്തേ ഓഫീസില്‍ നിന്നിറങ്ങുകയോ ചെയ്യേണ്ടി വരും പിള്ളേരുടെ കൂടെ ഇരിക്കാന്‍. അല്ലെങ്കില്‍ ബേബി സിറ്ററെ അറേഞ്ച് ചെയ്യണം.





ഇതും പോരാണ്ട് വയസ്സും പ്രായവുമേറി വരുന്നു എന്ന നഗ്നസത്യം മുന്നില്‍ വന്നു നിന്നു പല്ലിളിച്ച് കാണിയ്ക്കുന്നതു പോലെ, ഈയിടെയായി തണുപ്പുകാലമാകുമ്പോളേയ്ക്കും സന്ധികള്‍ക്കെല്ലാം നല്ല വേദന. തണുപ്പ് വളരെ ഇഷ്ടപ്പെട്ടിരുന്ന എനിയ്ക്കു തന്നെ മടുത്തു തുടങ്ങിയിരിയ്ക്കുന്നു. പോരാത്തതിനു റ്റെക്സാസിലും, കാലിഫോര്‍ണിയായിലും, ഫ്ലോറിഡായിലുമുള്ള കൂട്ടുകാര്‍ അങ്ങോട്ട് ചെല്ലാന്‍ നിര്‍ബന്ധിയ്ക്കുകയും ചെയ്യുന്നു. നോക്കട്ടെ എന്നു വിചാരിച്ചിരിയ്ക്കുമ്പോളാണ് ലോകത്തേറ്റവും തണുപ്പുള്ള, സ്ഥിരമായി ജനവാസമുള്ള, സ്ഥലമായ ഓയ്മിയകന്‍ എന്ന സൈബീരിയായിലെ പട്ടണത്തേക്കുറിച്ചുള്ള ഈ വീഡിയോ കണ്ടത്. അവരുടെയൊന്നും അനുഭവത്തിന്റെ ഏഴയല്പക്കത്ത് വരില്ലല്ലോ നമ്മുടേത് എന്നോര്‍ത്തപ്പോള്‍ തല്‍ക്കാലം ഇവിടെ തന്നെ തുടരാം എന്നു തീരുമാനിച്ചു!




പിന്നെ ഒബാമ ഭരിച്ച് ഭരിച്ച് ഞങ്ങളുടെ വീടിന്റെയൊക്കെ വിലയൊന്നു കൂടട്ടെ എന്നൊരു ചിന്തയും മനസ്സില്‍ വന്നില്ല എന്നു പറഞ്ഞാല്‍ അസത്യമാകും.



ഓ. ടോ.

കുറച്ചു മഞ്ഞ് ചിത്രങ്ങള്‍ പോസ്റ്റു ചെയ്ത് പോകാം എന്നുകരുതി വന്നതാണ്. പക്ഷേ കത്തി നീണ്ട് പോയി. ചിത്രങ്ങള്‍ കാണുന്നത് കൊള്ളാം പക്ഷേ ഔട് ഓഫ് ഫോക്കസാ, ഡെപ്ത് ഓഫ് ഫീല്‍ഡ് ശരിയായില്ല, അപ്പാടെ നോയിസ്സാ, ടങ്ങ്സ്റ്റണ്‍ വൈറ്റ് ബാലന്‍സാണോ, റെസോല്യൂഷന്‍ ശരിയായില്ല എന്നൊക്കെ പറഞ്ഞാല്‍ അയല്പക്കത്തെ ക്ലാര അമ്മൂമ്മേടെ തോക്കെടുത്തോണ്ട് വന്ന് ഷൂട്ടിടുവേ! ഇതു ഇന്നലെ ഓഫീസില്‍ പോകുന്ന വഴി എന്റെ പോയിന്റ് ആന്‍ഡ് ഷൂട് ക്യാമറയില്‍ ചുമ്മാ എടുത്തത്. ഇത് മഞ്ഞ് കാണാത്തവര്‍ക്കായി സമര്‍പ്പിയ്ക്കുന്നു.

















37 comments:

പാഞ്ചാലി said...

കുറച്ചു മഞ്ഞ് ചിത്രങ്ങള്‍ പോസ്റ്റു ചെയ്ത് പോകാം എന്നുകരുതി വന്നതാണ്. പക്ഷേ കത്തി നീണ്ട് പോയി. ചിത്രങ്ങള്‍ കാണുന്നത് കൊള്ളാം പക്ഷേ ഔട് ഓഫ് ഫോക്കസാ, ഡെപ്ത് ഓഫ് ഫീല്‍ഡ് ശരിയായില്ല, അപ്പാടെ നോയിസ്സാ, ടങ്ങ്സ്റ്റണ്‍ വൈറ്റ് ബാലന്‍സാണോ, റെസോല്യൂഷന്‍ ശരിയായില്ല എന്നൊക്കെ പറഞ്ഞാല്‍ അയല്പക്കത്തെ ക്ലാര അമ്മൂമ്മേടെ തോക്കെടുത്തോണ്ട് വന്ന് ഷൂട്ടിടുവേ! ഇതു ഇന്നലെ ഓഫീസില്‍ പോകുന്ന വഴി എന്റെ പോയിന്റ് ആന്‍ഡ് ഷൂട് ക്യാമറയില്‍ ചുമ്മാ എടുത്തത്. ഇത് മഞ്ഞ് കാണാത്തവര്‍ക്കായി സമര്‍പ്പിയ്ക്കുന്നു.

Zebu Bull::മാണിക്കൻ said...

പടങ്ങളിഷ്ടപ്പെട്ടു, വിവരണവും. (ആളുകളുടെ ജീവിതത്തിലേക്കുള്ള ജനലുകളാണല്ലോ പടങ്ങള്‍; അതുകൊണ്ട് ഒരുപാടു പടങ്ങളിട്ട് വിശദീകരിക്കുന്ന ഈ ശൈലി നല്ലത്).
{കിളിമഞ്ജാരോ പര്‍‌വ്വതത്തില്‍ മഞ്ഞുവീഴുമ്പോള്‍ ഞാനും എടുക്കണമെന്നാലോചിക്കുന്നു കുറച്ചു ചിത്രങ്ങള്‍}

t.k. formerly known as thomman said...

മനോഹരമായ ഫോട്ടോകള്‍! ഇതെവിടെ ന്യൂ ഹാമ്പ്‌ഷയറില്‍ ആണോ? ഞാനവിടെ ഒരു 10-12 വര്‍ഷങ്ങള്‍ക്ക് മുമ്പ് താമസിച്ചിട്ടുണ്ട്. അന്ന് ഇത്ര നല്ല ഫോട്ടോകള്‍ എടുക്കാനുള്ള ക്യാമറയൊന്നും ഉണ്ടായിരുന്നില്ല കൈവശം. എന്നും രാവിലെ കാറ് മഞ്ഞില്‍ നിന്ന് വെട്ടിയെടുക്കുന്നത് ഓര്‍മ വരുന്നു. (അപ്പാര്‍ട്ട്മെന്റില്‍ ആയിരുന്നു താമസം.)

പാഞ്ചാലി said...

സെബു, തൊമ്മന്‍ കണ്ടതില്‍ സന്തോഷം.
സെബു മഞ്ഞിനേപ്പറ്റി എന്തോ എഴുതിയീരുന്നല്ലോ അല്ലേ? വായിച്ച് ഞാനന്തം വിട്ടിരുന്നു. റ്റാന്‍സാനിയായിലെവിടെയാ മഞ്ഞെന്നോര്‍ത്ത്.
തൊമ്മാ, ഇതു ന്യു ജേഴ്സിയാണ്.
അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചിരുന്നപ്പോള്‍ സ്ട്ട്രീറ്റ്സൈഡ്പാര്‍ക്കിങ്ങായിരുന്നതിനാല്‍ വണ്ടിയിലെ മഞ്ഞുമാന്തല്‍ സ്ഥിരം പരിപാടിയായിരുന്നു.

കാപ്പിലാന്‍ said...

നന്നായി .

ഇവിടെ മഞ്ഞില്കൂടിയാണ് തുഴഞ്ഞു പോകുന്നത് :). എട്ടിഞ്ച് വരെ വീണു കഴിഞ്ഞ മാസം .വീണതെല്ലാം സൈഡില്‍ കൂട്ടിവെച്ചു .ഇപ്പോള്‍ അത് ഐസ് ആയി മാറി . അത്രയ്ക്ക് ചൂട് :).

detroit news.

ദൈവം said...

kollam tto :)

ഹരീഷ് തൊടുപുഴ said...

പോയിന്റ് ഷൂട്ട് കാമെറായില്‍ എടുത്തതാണെങ്കിലും നന്നായിട്ടുണ്ട് ട്ടോ...
പിന്നെ ഈ മഞ്ഞ് നിങ്ങള്‍ക്കൊക്കെ നല്ല ബുദ്ധിമുട്ടാണെങ്കിലും, കാണുന്ന ഞങ്ങള്‍ക്കൊക്കെ നല്ല രസമാണ് ട്ടോ..
എന്നെങ്കിലും ഇങ്ങനെ മഞ്ഞത്ത് ഒരു ദിവസം താമസിക്കാന്‍ പറ്റിയാല്‍ മതിയാര്‍ന്നു...ഒരു ദിവസം മതിയേ!!!
എന്നെങ്കിലും നടക്കുമായിരിക്കും അല്ലേ...

പൊറാടത്ത് said...

അടിപൊളി വിവരണവും നല്ല ചിത്രങ്ങളും..

ഈ മഞ്ഞുകാലം ഇവിടെ പങ്ക് വെച്ചതിന് വളരെ നന്ദി.

nandakumar said...

വ്യത്യസ്ഥമായ മഞ്ഞു ചിത്രങ്ങള്‍. വിവരണവും നന്നയിഷ്ടപ്പെട്ടു.

പാഞ്ചാലി said...

കാപ്പിലാന്‍, ദൈവം, ഹരീഷ്, പൊറാടത്ത്, നന്ദകുമാര്‍ വന്നതിലും അഭിപ്രായം അറിയിച്ചതിലും വളരെ സന്തോഷം.

അനംഗാരി said...

പഞ്ച എലി (വെറും എലിയും ആകാം),
ഇവിടെ ലെവെല്‍ 2 പ്രഖ്യാപിച്ചിരുന്നു കഴിഞ്ഞാഴ്ച.

എന്തൊരു സന്തോഷമായിരുന്നുവെന്നോ? ഒരു ഹര്‍ത്താലിന്റെ പ്രതീതി! (ദിവസത്തില്‍ പതിനൊന്ന് മണിക്കൂര്‍ വെച്ച് 7ദിവസം ജോലി ചെയ്യുന്നവന്, ഒരു ഹര്‍ത്താല്‍ വീണുകിട്ടിയാലത്തെ സന്തോഷം പറയാനുണ്ടോ?)

മഞ്ഞപ്പടം നന്നായി...

ശ്രീ said...

ഇത്തരം കാഴ്ചകള്‍ ഇങ്ങനെ ചിത്രത്തിലൂടെയെങ്കിലും ഞങ്ങള്‍ക്ക് കാണാമല്ലോ.

പോസ്റ്റ് നന്നായി.
:)

SNair said...

nalla chitrangal nannayi pakarthiyirikku.ethu eethu sthalamaanu.thiruvananthapuram thampanooril injane manju peythirunnenjil nannayeene.karanam thalasthaanam ipool navakerala march, lavlin ennee prashnangal kaaranam bhayankara Hotaaaaaaaa....

ഉസ്മാന്‍ പള്ളിക്കരയില്‍ said...

മഞ്ഞത്തു നിന്ന പ്രതീതി.
നന്ദി

Rejeesh Sanathanan said...

തണുപ്പ് കൊണ്ട് പല്ല് കൂട്ടിയിടിക്കുന്നുണ്ടോ?

നല്ല ചിത്രങ്ങള്‍......

Sapna Anu B.George said...

ചുട്ടുപോള്ളുന്ന ഈ 50 ഡിഗ്രീയില്‍,
മഞ്ഞൂ വീണതു കണ്ട് അന്തം വിട്ടിരിക്കയാന്‍ ഞങ്ങള്‍ ഗള്‍ഫുകാര്‍,
ഈ വര്‍ഷം........പാഞ്ചാലിയുടെ മഞ്ഞ് ചിത്രങ്ങള്‍ നന്നായിട്ടുണ്ട്.

പാഞ്ചാലി said...

അനംഗാരി,ശ്രീ, എസ് നായര്‍, പള്ളീക്കരയില്‍, മാറുന്ന മലയാളി, സപ്നാ...മഞ്ഞു കാണാനെത്തിയതിലും അഭിപ്രായം അറിയിച്ചതിലും വളരെ സന്തോഷം.

Anonymous said...

മഞ്ഞെന്നത് തണുപ്പുകൊണ്ടു മാത്രമറിയുന്ന ഈ നാട്ടുകാരനു മഞ്ഞുചിത്രങ്ങള്‍ ഇഷ്ടപ്പെട്ടു. വിവരണത്തിന്റെ ശൈലിയും

മുസാഫിര്‍ said...

മഞ്ഞ് പെയ്യുന്നിടത്ത് പോയിട്ടില്ലെങ്കിലും ജോലി ചെയ്യുന്നത് കോ‍ള്‍ഡ് സ്റ്റോറിലായത് കാരണം മഞ്ഞ് കാണാനുള്ള അവസരം ഉണ്ട്.വിവരണങ്ങളും പടവും ഇഷ്ടമാ‍യി.

Bindhu Unny said...

തോക്കിനെപ്പേടിച്ചാ അല്ലേല്‍ ചിത്രങ്ങളെ കുറേ വിമര്‍ശിച്ചേനേ. മഞ്ഞ് കാണിച്ചുതന്നതിന് നന്ദി. :-)

പാഞ്ചാലി said...

സമാന്തരന്‍, മുസഫിര്‍, ബിന്ദു ഉണ്ണി പോസ്റ്റ് കണ്ടതിലും കമന്റിയതിലും സന്തോഷം.

നിഷ്കളങ്കന്‍ said...

കൊള്ളാം നല്ല ചിത്രങ്ങള്‍.

ആഷ | Asha said...

ആ നീണ്ടു പോയ കത്തിയാണ് ഈ പോസ്റ്റ് കൂടുതൽ ആസ്വാദ്യകരമാക്കിയത്. :)

എന്ന്
മഞ്ഞ് ഫോട്ടോയിലൂടെ മാത്രം കണ്ടിട്ടുള്ളയാൾ

Promod P P said...

താഴ്വരയിൽ നിന്നും നോക്കിയാൽ കുന്നിൻ ചരിവുകളിൽ വെള്ളിയൊഴുക്കുകൾ കാണാം,ഇന്നലേകളുടെ കണ്ണുനീർ ചോലകൾ. അത് നോക്കി ഇരിക്കുമ്പോഴാണ് കാത്തിരിപ്പിന്റെ വർണ്ണങ്ങളും ശബ്ദങ്ങളും തിരിച്ച് വരുന്നത് (ഓർമ്മയിൽ നിന്ന് : മഞ്ഞ്)

പാഞ്ചാലി said...

ആഷാ, എന്റെ കത്തി മുറിവേല്‍പ്പിച്ചില്ല എന്നറിഞ്ഞതില്‍ സന്തോഷം!

തഥാഗതാ,വരവിലും എം.ടിയുടെ ആ വരികള്‍ വീണ്ടും ഓര്‍മ്മിപ്പിച്ചതിലും വളരെ സന്തോഷമുണ്ട്!

കൃഷ്‌ണ.തൃഷ്‌ണ said...

മഞ്ഞിനെ വളരെയേറെ മോഹിക്കുന്ന ഒരാള്‍.
ഈ പോസ്റ്റിലൂടെ തണുപ്പിന്റെ ഒരു നേരിയ കുളിര്‍മ്മ അനുഭവപ്പെടുന്നു..ഒപ്പം അമേരിക്കയിലെ നിത്യജീവിതത്തിന്റേ നേര്‍രേഖയും . മഞ്ഞു കാണാത്തവര്‍ക്കായുള്ള ഈ മഞ്ഞുകാഴ്ച്ച വളരെ ആസ്വദിച്ചു..

പാഞ്ചാലി said...

കൃഷ്‌ണ.തൃഷ്‌ണ കണ്ടതില്‍ സന്തോഷം.

പാഞ്ചാലി said...

നിഷ്കളങ്കനെ മിസ്സായിരുന്നു...സോറി.
വന്നതിലും അഭിപ്രായത്തിലും സന്തോഷമുണ്ട്.

Jayasree Lakshmy Kumar said...

നന്നായിരിക്കുന്നൂട്ടോ മഞ്ഞുകാലചിത്രങ്ങൾ. ഇവിടേം കിട്ടാറുണ്ട് മഞ്ഞ്. കഴിഞ്ഞ ഫെബ്രുവരി മൂന്നിന്,ഇവിടെല്ലാം മഞ്ഞു മൂടി കിടക്കുമ്പോൾ, കാൻസൽ ചെയ്ത ഫ്ലൈറ്റുകളുടേയും ബസ്സുകളുടേയും ഇടയിലൂടെ വളരേ സാഹസീകമായി ഞാൻ നാടു പിടിച്ചു.
മഞ്ഞും മഞ്ഞുകാലചിത്രങ്ങളും കാണാൻ എപ്പോഴും ഇഷ്ടമാണ്. പക്ഷെ
ആ സമയത്തെ ജീവിതം ദുസ്സഹം

പാഞ്ചാലി said...

ലക്ഷ്മി, മഞ്ഞ് കാണാനെത്തിയതിലും അഭിപ്രായത്തിലും വളരെ സന്തോഷം.

നിരക്ഷരൻ said...

2 കൊല്ലം ബിലാത്തിയില്‍ ജീവിച്ചിട്ടും നല്ലൊരു മഞ്ഞുവീഴ്ച്ച കാണാന്‍ എനിക്ക് ഭാഗ്യമുണ്ടായില്ല. അതിനെന്താ ? ഇവിടെ ദാ ഇപ്പോ കണ്ടു :) നന്ദി :)

പാഞ്ചാലി said...

നിരക്ഷരാ,എന്റെ മഞ്ഞുപുരാണം ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പടങ്ങള്‍ കണ്ടിട്ടു നല്ല ഭംഗിയുണ്ട്‌.

പക്ഷെ ജീവിക്കാന്‍ പ്രയാസമാണ്‌ അല്ലേ?

Unknown said...

panchaly! more tha the picture our kathy is more apealing.

അക്ഷരപകര്‍ച്ചകള്‍. said...

Dear Panjali,

I love snow very much & so liked all yous pictures. As you said when we feel the severe cold we can't tell snow is good, since I have no experience I love it...Thanks for such a post.

faisu madeena said...

നിങ്ങള്‍ കുറച്ചു ബുദ്ധിമുട്ടിയാല്‍ എന്താ എനിക്ക് സന്തോഷമായി ..വയര് നിറച്ചു മഞ്ഞല്ലേ കിടക്കുന്നത്...!!!


താങ്ക്സ് ...പടത്തില്‍ മാത്രം കണ്ടിട്ടുള്ള ഒരു ജീവിതം വളരെ മനോഹരമായി വിവരിച്ചിരിക്കുന്നു ....

പാഞ്ചാലി said...

അമ്പിളി & ഫൈസു, താങ്ക്സ്!! :)