Sunday, March 29, 2009

സ്വര്‍ഗ്ഗസ്ഥനാം പിതാവേ...!

പുത്രനെ ഏതു സ്കൂളില്‍ ചേര്‍ക്കണമെന്ന് ഞങ്ങള്‍ മാതാപിതാക്കന്മാരുടെ ഇടയില്‍ ഒരു തര്‍ക്കം നിലനിന്നിരുന്നു. സര്‍ക്കാര്‍ വിദ്യാലയ ഉല്‍പ്പന്നമായ ഞാന്‍ “എവിടെ പഠിച്ചാലും പഠിക്കേണ്ടവര്‍‍ പഠിക്കും; അതാണെന്റ്റെ അനുഭവം!” എന്നു പറഞ്ഞ് വാദിച്ചപ്പോള്‍ മറുഭാഗം (പ്രൈവറ്റ് സ്കൂള്‍ ഉല്പന്നം) താന്‍ പഠിച്ച അടുക്കും ചിട്ടയും, ഡിസിപ്ലിന്‍, ദൈവഭക്തി ഒക്കെ കത്തോലിക്കാ പള്ളിക്കൂടത്തില്‍ നിന്ന് കിട്ടിയതാണ് (ഇതൊക്കെ ഇപ്പോള്‍ എവിടെ പോയൊ?) എന്ന് പറഞ്ഞ് ഘോരഘോരം എതിര്‍ വാദങ്ങള്‍ നിരത്തി!

ഏതായാലും പുത്രനെ നാലു വയസ്സായപ്പോള്‍ അടുത്തുള്ള കത്തോലിക്കാ പള്ളിയോടനുബന്ധിച്ച് നടത്തുന്ന സ്കൂളിലെ കിന്റര്‍ഗാര്‍ടനില്‍ കൊണ്ട്പോയി ചേര്‍ത്തു. അതുവരെ മലയാളം മാത്രം പറഞ്ഞിരുന്ന പുത്രന്‍ ആദ്യമാദ്യം പന്തം കണ്ടപെരുച്ചാഴിയെപ്പോലെ ആയിരുന്നു! (ഞങ്ങള്‍ വീട്ടില്‍ മലയാളം മാത്രമേ സംസാരിക്കൂ എന്ന നിര്‍ബന്ധമുണ്ടായിരുന്നതു കൊണ്ട്!) കൂടെ മലയാളം പറയാന്‍ മരുന്നിനു പോലും ഒരാളില്ല. എന്തിന് ഒറ്റ ഇന്ഡ്യന്‍ പോലുമില്ല ക്ലാസ്സില്‍!

മെല്ലെ മെല്ലെ അത്യാവശ്യം ഇംഗ്ലീഷ് പറയാന്‍ പുത്രന്‍ പഠിച്ചെടുത്തു. പക്ഷെ കൂടെയുള്ള സായിപ്പുകുട്ടികളുടെ ഇംഗ്ലീഷിനൊപ്പം പിടിച്ച് നില്‍ക്കാന്‍ നന്നെ ബുദ്ധിമുട്ടിയിരുന്നു.
അങ്ങനെ ഒരു ദിവസം പുത്തറ് ഉറങ്ങുന്നതിന് മുന്‍പ്‍ സ്കൂളില്‍ നിന്നു പഠിച്ച ഒരു പ്രാര്‍ത്ഥന ചൊല്ലുന്നത് കേട്ടു.
"Our Father, who art in heaven
Hallowed be thy Name,
Thy kingdom come,
Thy will be done,
On earth as it is in heaven.
Give us this day our daily bread......"
എന്നത്.

(മലയാളത്തില്‍ ഏകദേശം ഇങ്ങനെ;
സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,
അങ്ങയുടെ നാമം പൂജിതമാകണമേ
അങ്ങയുടെ രാജ്യം വരേണമേ,
അങ്ങയുടെ തിരുമനസ്സ് സ്വര്‍ഗത്തിലേപ്പോലെ ഭൂമിയിലുമാകേണമേ,
അന്നന്ന് വേണ്ട ആഹാരം ഇന്ന് ഞങ്ങള്‍ക്ക് നല്‍കേണമേ......” )


(“സ്വര്‍‌ഗ്ഗസ്ഥനാം പിതാവേ”യും “ഹരിവരാസനവുംബാങ്കുവിളിയും സ്ഥിരം കേട്ട്, അമ്പലത്തിനും പള്ളിക്കും മോസ്കിനും നടുക്കു കിടന്ന്, എസ്. എസ്. എല്‍. സി പരീക്ഷക്കാലത്ത് ഒന്നു ഒച്ച കുറയ്ക്കാമോ എന്ന് ചോദിച്ചതിന് നാട്ടുകാരായ ഭക്തരുടെ “കണ്ണിലുണ്ണിയായ” കുടുംബത്തില്‍ നിന്നു വന്നതിനാല്‍ “സ്വര്‍ഗ്ഗസ്ഥനായ പിതാവെ” (ഔര്‍ ഫാദറിന്റെ മലയാളം) എനിക്ക് കാണാപ്പാഠമായിരുന്നു.)
എന്നും രാത്രി കിടക്കുന്നതിനു മുന്‍പ് കക്ഷി ഈ പ്രാര്‍ത്ഥന ചൊല്ലിത്തുടങ്ങി. അങ്ങനെയെങ്കിലും കുറച്ച് ഇംഗ്ലീഷ് പഠിച്ച് പിടിച്ച് നില്‍ക്കട്ടെ അവന്‍ എന്ന് ഞങ്ങളും കരുതി.

അങ്ങനെ ഒരാഴ്ച കഴിഞ്ഞു. ഒരു സുപ്രഭാതത്തില്‍ കിടക്കപ്പായില്‍ നിന്നും രാവിലെ എഴുന്നേറ്റ് കണ്ണും തിരുമ്മി കിച്ചനില് ബ്രേക് ഫാസ്റ്റ് റ്റേബിളില്‍ വന്ന അവന്‍ പറഞ്ഞു
“എനിക്കെന്നും ബ്രെഡ് വേണ്ട!”.

“ഇന്നു മുട്ട പുഴുങ്ങിയതും ഏത്തപ്പഴവുമാണ്. മുട്ടയല്ലെ നിനക്ക് ഏറ്റവും ഇഷ്ടം?”
എന്ന്, അതൊരു സാദാ പരിഭവമായിക്കരുതി, ഞാന്‍ ചോദിച്ചു.

ഒരു മൂളലോ‍ടെ കക്ഷി തന്റെ പ്രിയ വിഭവമായ മുട്ടയും ചായയും കഴിച്ച് സ്കൂളില്‍ പോകാനൊരുങ്ങി.

അന്നു രാത്രി അവന്റെ പ്രാര്‍ത്ഥന ഇങ്ങനെ കേട്ടു;
“Our Father, who art in heaven,
Thy kingdom will come,
Thy will be done,
On earth as it is in heaven.
Give us this day our daily EGG...."

"എടെടാ... എന്തായിത്?എന്തിനാ മാറ്റിപ്പറഞ്ഞെ?”
എന്നു ഞാന്‍.

“എനിക്ക് ബ്രെഡ് ഇഷ്ടമില്ല! എന്നും അതു കഴിക്കാന്‍ എനിക്കു വേണ്ട.
എനിക്കെന്നും മുട്ട കിട്ടിയാല്‍ മതി!”
എന്ന മറുപടി ഉടന്‍ വന്നു!