Sunday, March 29, 2009

സ്വര്‍ഗ്ഗസ്ഥനാം പിതാവേ...!

പുത്രനെ ഏതു സ്കൂളില്‍ ചേര്‍ക്കണമെന്ന് ഞങ്ങള്‍ മാതാപിതാക്കന്മാരുടെ ഇടയില്‍ ഒരു തര്‍ക്കം നിലനിന്നിരുന്നു. സര്‍ക്കാര്‍ വിദ്യാലയ ഉല്‍പ്പന്നമായ ഞാന്‍ “എവിടെ പഠിച്ചാലും പഠിക്കേണ്ടവര്‍‍ പഠിക്കും; അതാണെന്റ്റെ അനുഭവം!” എന്നു പറഞ്ഞ് വാദിച്ചപ്പോള്‍ മറുഭാഗം (പ്രൈവറ്റ് സ്കൂള്‍ ഉല്പന്നം) താന്‍ പഠിച്ച അടുക്കും ചിട്ടയും, ഡിസിപ്ലിന്‍, ദൈവഭക്തി ഒക്കെ കത്തോലിക്കാ പള്ളിക്കൂടത്തില്‍ നിന്ന് കിട്ടിയതാണ് (ഇതൊക്കെ ഇപ്പോള്‍ എവിടെ പോയൊ?) എന്ന് പറഞ്ഞ് ഘോരഘോരം എതിര്‍ വാദങ്ങള്‍ നിരത്തി!

ഏതായാലും പുത്രനെ നാലു വയസ്സായപ്പോള്‍ അടുത്തുള്ള കത്തോലിക്കാ പള്ളിയോടനുബന്ധിച്ച് നടത്തുന്ന സ്കൂളിലെ കിന്റര്‍ഗാര്‍ടനില്‍ കൊണ്ട്പോയി ചേര്‍ത്തു. അതുവരെ മലയാളം മാത്രം പറഞ്ഞിരുന്ന പുത്രന്‍ ആദ്യമാദ്യം പന്തം കണ്ടപെരുച്ചാഴിയെപ്പോലെ ആയിരുന്നു! (ഞങ്ങള്‍ വീട്ടില്‍ മലയാളം മാത്രമേ സംസാരിക്കൂ എന്ന നിര്‍ബന്ധമുണ്ടായിരുന്നതു കൊണ്ട്!) കൂടെ മലയാളം പറയാന്‍ മരുന്നിനു പോലും ഒരാളില്ല. എന്തിന് ഒറ്റ ഇന്ഡ്യന്‍ പോലുമില്ല ക്ലാസ്സില്‍!

മെല്ലെ മെല്ലെ അത്യാവശ്യം ഇംഗ്ലീഷ് പറയാന്‍ പുത്രന്‍ പഠിച്ചെടുത്തു. പക്ഷെ കൂടെയുള്ള സായിപ്പുകുട്ടികളുടെ ഇംഗ്ലീഷിനൊപ്പം പിടിച്ച് നില്‍ക്കാന്‍ നന്നെ ബുദ്ധിമുട്ടിയിരുന്നു.
അങ്ങനെ ഒരു ദിവസം പുത്തറ് ഉറങ്ങുന്നതിന് മുന്‍പ്‍ സ്കൂളില്‍ നിന്നു പഠിച്ച ഒരു പ്രാര്‍ത്ഥന ചൊല്ലുന്നത് കേട്ടു.
"Our Father, who art in heaven
Hallowed be thy Name,
Thy kingdom come,
Thy will be done,
On earth as it is in heaven.
Give us this day our daily bread......"
എന്നത്.

(മലയാളത്തില്‍ ഏകദേശം ഇങ്ങനെ;
സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,
അങ്ങയുടെ നാമം പൂജിതമാകണമേ
അങ്ങയുടെ രാജ്യം വരേണമേ,
അങ്ങയുടെ തിരുമനസ്സ് സ്വര്‍ഗത്തിലേപ്പോലെ ഭൂമിയിലുമാകേണമേ,
അന്നന്ന് വേണ്ട ആഹാരം ഇന്ന് ഞങ്ങള്‍ക്ക് നല്‍കേണമേ......” )


(“സ്വര്‍‌ഗ്ഗസ്ഥനാം പിതാവേ”യും “ഹരിവരാസനവുംബാങ്കുവിളിയും സ്ഥിരം കേട്ട്, അമ്പലത്തിനും പള്ളിക്കും മോസ്കിനും നടുക്കു കിടന്ന്, എസ്. എസ്. എല്‍. സി പരീക്ഷക്കാലത്ത് ഒന്നു ഒച്ച കുറയ്ക്കാമോ എന്ന് ചോദിച്ചതിന് നാട്ടുകാരായ ഭക്തരുടെ “കണ്ണിലുണ്ണിയായ” കുടുംബത്തില്‍ നിന്നു വന്നതിനാല്‍ “സ്വര്‍ഗ്ഗസ്ഥനായ പിതാവെ” (ഔര്‍ ഫാദറിന്റെ മലയാളം) എനിക്ക് കാണാപ്പാഠമായിരുന്നു.)
എന്നും രാത്രി കിടക്കുന്നതിനു മുന്‍പ് കക്ഷി ഈ പ്രാര്‍ത്ഥന ചൊല്ലിത്തുടങ്ങി. അങ്ങനെയെങ്കിലും കുറച്ച് ഇംഗ്ലീഷ് പഠിച്ച് പിടിച്ച് നില്‍ക്കട്ടെ അവന്‍ എന്ന് ഞങ്ങളും കരുതി.

അങ്ങനെ ഒരാഴ്ച കഴിഞ്ഞു. ഒരു സുപ്രഭാതത്തില്‍ കിടക്കപ്പായില്‍ നിന്നും രാവിലെ എഴുന്നേറ്റ് കണ്ണും തിരുമ്മി കിച്ചനില് ബ്രേക് ഫാസ്റ്റ് റ്റേബിളില്‍ വന്ന അവന്‍ പറഞ്ഞു
“എനിക്കെന്നും ബ്രെഡ് വേണ്ട!”.

“ഇന്നു മുട്ട പുഴുങ്ങിയതും ഏത്തപ്പഴവുമാണ്. മുട്ടയല്ലെ നിനക്ക് ഏറ്റവും ഇഷ്ടം?”
എന്ന്, അതൊരു സാദാ പരിഭവമായിക്കരുതി, ഞാന്‍ ചോദിച്ചു.

ഒരു മൂളലോ‍ടെ കക്ഷി തന്റെ പ്രിയ വിഭവമായ മുട്ടയും ചായയും കഴിച്ച് സ്കൂളില്‍ പോകാനൊരുങ്ങി.

അന്നു രാത്രി അവന്റെ പ്രാര്‍ത്ഥന ഇങ്ങനെ കേട്ടു;
“Our Father, who art in heaven,
Thy kingdom will come,
Thy will be done,
On earth as it is in heaven.
Give us this day our daily EGG...."

"എടെടാ... എന്തായിത്?എന്തിനാ മാറ്റിപ്പറഞ്ഞെ?”
എന്നു ഞാന്‍.

“എനിക്ക് ബ്രെഡ് ഇഷ്ടമില്ല! എന്നും അതു കഴിക്കാന്‍ എനിക്കു വേണ്ട.
എനിക്കെന്നും മുട്ട കിട്ടിയാല്‍ മതി!”
എന്ന മറുപടി ഉടന്‍ വന്നു!

33 comments:

പാഞ്ചാലി :: Panchali said...

അല്‍പ്പം പുത്രവിശേഷം!

ഏതായാലും കക്ഷി ഇപ്പോള്‍ പബ്ലിക് (ഗവണ്മെന്റ്) സ്കൂളില്‍ പഠിക്കുന്നു. ഞങ്ങളുടെ ഇംഗ്ലീഷ് ഉച്ചാരണം കറക്റ്റ് ചെയ്തു തരുന്നു!

ഹരീഷ് തൊടുപുഴ said...

കൊള്ളാം!!

കക്ഷിയെ സമ്മതിച്ചിരിക്കുന്നൂ..

ഗുപ്തന്‍ said...

Canibal babies pray, Give us this day our daily guest...

പാഞ്ചാലി :: Panchali said...

ഹരീഷ്, ഗുപ്തന്‍ കണ്ടതില്‍ സന്തോഷം!

ആ കാനിബാള്‍ ബേബീസ് നേരത്തെ കേട്ടിട്ടുള്ളതിനാലാവണം ഞാന്‍ അവന്റെ പ്രാര്‍ത്ഥന കേട്ട് കൂടുതല്‍ ഞെട്ടിയത്! (സത്യമായിട്ടും പറയുവാ സംഭവം സത്യമായിട്ടും നടന്നതു തന്നെ!)

ഓ.ടോ.
ഗുപ്തനു നൂറായുസ്സ്! ഞാന്‍ ബാണ്‍സ്&നോബിള്‍സില്‍ (പുസ്തകക്കട) പുള്ളങ്ങളേയും കൊണ്ട് പോയപ്പോള്‍ പാതിവിലയ്ക്ക് കവര്‍ കീറിയ ഒരു കാല്വിന്‍ & ഹോബ്സ് കളക്ഷന്‍ ഇരിക്കുന്നു. പണ്ട് വിലകൂടുതലാണെന്നതിനാല്‍ വാങ്ങാഞ്ഞതാണ്. വാങ്ങുമ്പോള്‍ ഗുപ്തന്റെ കല്വിന്‍ പ്രേമം ഓര്‍ത്തിരുന്നു.തിരികെ വീട്ടിലെത്തി മൈല്‍ നോക്കുമ്പോള്‍ ഗുപ്തന്റെ കമന്റും!

ഗുപ്തന്‍ said...

ഈശ്വരാ ആ കനിബാള്‍ കമന്റ് അതു പോലെ മുന്‍പ് കേട്ടിട്ടുണ്ടോ... ഞാന്‍ വിചാരിച്ചത് അത് ഒരിജിനല്‍ ആയിട്ട് തോന്ന്യതാന്നാ... അതും പോയി :(

കാല്‍വിനെ വാങ്ങിയോ. ഒരു പ്രത്യേക ലൈനാണ് കേട്ടോ.. ഇഷ്ടപ്പെട്ടാല്‍ അഡിക്ഷനാവും. ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഗോവിന്ദ. ഗാരണ്ടി ഒന്നും ഇല്ല :))

പാഞ്ചാലി :: Panchali said...

കാനിബാളിന്റെ നേരത്തേ കേട്ടത് ഏതാണ്ട് ആ അര്‍ത്ഥത്തിലുള്ളതായിരുന്നു!

പണ്ട് പലയിടത്തുനിന്നും (ഹാര്‍ഡ് കോപ്പി)പിന്നെ നെറ്റില്‍ നിന്നും ( ഒരു വെസ്റ്റ് ഇന്‍ഡ്യന്‍ കൊളീഗ് മുടിഞ്ഞ ആരാധകനാണ്) പലപ്പോഴായി കണ്ടിട്ടുണ്ട്. അത്രയ്ക്കങ്ങട് ഇഷ്ടക്കൂടുതല്‍ തോന്നിയിട്ടില്ല. :(

പിന്നെ പുലികളൊക്കെ പറഞ്ഞതല്ലേ,ഇനി ഒന്നൂടെ നോക്കിക്കളയാം എന്നു കരുതി!റ്റ്യൂബ് ലൈറ്റാണേ!

ശ്രീഹരി::Sreehari said...
This comment has been removed by the author.
ശ്രീഹരി::Sreehari said...

മകന്റെ ഇംഗ്ലീഷ് ഇനിയും കിടിലന്‍ ആക്കാന്‍ കാല്‍‌വിന്‍ (ബഹു) വായിക്കാന്‍ കൊടുത്താല്‍ മതി....

കാല്‍വിന്‍(ബഹു), ഇംഗ്ലീഷ് ഹോം വര്‍ക്ക് ചെയ്യുന്ന ഒരു രംഗം ഓര്‍മയില്‍ വരുന്നു...

കാല്‍‌വിന്‍(ബഹു) ഹോബ്സിനോട് :- I need help on my homework. What is a pronoun?
ഹോബ്സ് :- A noun that lost its amateur status
കാല്‍‌വിന്‍(ബഹു) ഒരല്പം ആലോചിച്ച ശേഷം :-"Maybe I can get a point for originality."

നമോവാകം....

-- ഒരു മുട്ടന്‍ കാല്‍‌വിന്‍ അഡിക്ട്

പാഞ്ചാലി :: Panchali said...

ആഹാ, കാല്‍‌വിന്‍ ആന്‍ഡ് ഹോബ്സ് ഫാന്‍സിന്റെ ഘോഷയാത്രയോ!

ശ്രീഹരീ,വന്നതില്‍ സന്തോഷം.

ഈ C&H എനിക്കു മനസ്സിലായെന്നു തോന്നുന്നു! നന്ദി ശ്രീഹരി.

പുത്രന്‍ വൈകുന്നേരം ആ ബുക്ക് അവനുവേണ്ടി വാങ്ങിയ കാര്‍ട്ടൂണ്‍ ബുക്കാണെന്നു കരുതി എടുത്തുകൊണ്ടുപോയി മറിച്ച് നോക്കുന്നുണ്ടായിരുന്നു. വായിച്ച് വളരട്ടെ എന്ന് ഞാനും കരുതി.
:)

Sapna Anu B.George said...

ഇത്ര നന്നായി ഇനി എഴുതിപ്പിടിപ്പിക്കാനില്ല, വളരെ നന്നായിരിക്കുന്നു

എതിരന്‍ കതിരവന്‍ said...

ഞാനും കാല്വിൻ-ഹോബ്സ് അഡിക്റ്റ്. പുസ്തകമാകുന്നതിനു മുൻപ് ഞായറാഴ്ച്ചപ്പത്രത്തിലാണു കാണാറ്.

മറ്റൊരു നേഴ്സറി സ്കൂൾ തമാശ്:
അമ്മ മകനോട്: ഏതു പാട്ടാ ഇപ്പോൾ സ്കൂളിൽ പാടാറ്?
മകൻ: Oh, it is about a bear named Hadly. He is cross eyed. "Hadley, the cross-eyed bear".എന്നും രാവിലെ അതും പാടിയാണു ക്ലാസു തുടങ്ങാറ്.

അമ്മ സ്കൂളിൽ അന്വേഷിച്ചു. പ്രാർത്ഥനാഗാനമാണ്.
"Hardly the cross I'd bear"

പാഞ്ചാലി :: Panchali said...

ഹാഡ്‌ലി ബെയര്‍ ഇഷ്ടമായി എതിരാ. നന്ദി!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

:)

Zebu Bull::മാണിക്കന്‍ said...

പാഞ്ചാലീ, മകന്‍ സ്കൂളില്‍‌പ്പോയിത്തുടങ്ങിയതിനുശേഷം മലയാളം പറയുന്നതില്‍ മടി കാട്ടുന്നുണ്ടോ? എന്റെ കസിന്റെ മക്കള്‍ സ്കൂളില്‍ ചേര്‍‌ന്നതിനുശേഷം മലയാളമേ പറയാറില്ല എന്നു പരാതിപറഞ്ഞുകേട്ടിട്ടുണ്ട്, അതുകൊണ്ടു ചോദിച്ചതാണ്‌. അവര്‍ ഇപ്പോള്‍ കുട്ടികള്‍‌ക്കു മലയാളം പഠിപ്പിക്കുന്ന സ്ഥലം വല്ലതുമുണ്ടോ എന്നു തെരഞ്ഞുനടക്കുന്നെന്നു കേട്ടു :-)

പാഞ്ചാലി :: Panchali said...

സെബൂ അവന്‍ പിന്നെയും മലയാളം പറയാന്‍ ശ്രമിക്കാറുണ്ട്.പക്ഷേ സ്കൂളില്‍ പോകാന്‍ തുടങ്ങിയതു മുതല്‍ ഇംഗ്ലീഷിനോടാണ് ആഭിമുഖ്യം!

(ഞങ്ങള്‍ രണ്ട്പേരും ജോലിക്കുപോകുന്നതിനാല്‍)
മകള്‍ (3 1/2 വയസ്സുകാരി) ഏതാണ്ട് 9 മാസം പ്രായമായതു മുതല്‍ അമേരിക്കക്കാരികളുടെ ഡേ കെയര്‍ സെന്ററില്‍ ആയിരുന്നതിനാല്‍ (ഞങ്ങള്‍ വീട്ടില്‍ മലയാളം മാത്രം പറഞ്ഞിട്ടും) മലയാളം പറയുന്ന പ്രശ്നമേയില്ല. ആകെപ്പാടെ അവള്‍ “ടി വി വയ്ക്കാമോ“ (അല്ലെങ്കില്‍ വാനില്‍ കയറിയാല്‍ “ഡി വി ഡി വയ്ക്കാമോ?”) എന്നു മാത്രം! മലയാളം നന്നായി മനസ്സിലാകുമെങ്കിലും റെസ്പോണ്‍സ് ഇംഗ്ലീഷില്‍ മാത്രം. ആങ്ങളയും പെങ്ങളും തമ്മില്‍ ഞങ്ങളില്ലെങ്കില്‍ ഇംഗ്ലീഷിലേ സംസാരിക്കൂ. ഞങ്ങളുണ്ടെങ്കില്‍ മോന്‍ മലയാളം പറയാന്‍ നോക്കും! എനിക്കു തോന്നുന്നത് മോന്‍ കുഞ്ഞായിരുന്നപ്പോള്‍ (സംസാരിച്ചു തുടങ്ങുമ്പോള്‍) എന്റെ പേരന്റ്സും ഇന്‍ ലോസും ഉണ്ടായിരുന്നതിനാല്‍ അവന് അല്‍പ്പമെങ്കിലും മലയാളം പഠിക്കാന്‍ പറ്റിയെന്നാണ്.

പക്ഷേ എന്റെ മരുമക്കള്‍ (18ഉം 15ഉം വയസ്സുള്ള, ഇവിടെ ജനിച്ചുവളര്‍ന്നവര്‍) വളരെ നന്നായി മലയാളം പറയും!

ഇവിടെ മലയാളം പള്ളിയിലും അമ്പലത്തിലുമൊക്കെ മലയാളം ക്ലാസെടുക്കുന്നുണ്ടെന്നു തോന്നുന്നു. അങ്ങോട്ടൊന്നും ഇതുവരെ നോക്കിയിട്ടില്ല.

കാലിഫോര്‍ണിയായിലെങ്ങാനുമായിരുന്നെങ്കില്‍ ഉമേഷിനെ (മലയാളവും സംസ്കൃതവും) പഠിപ്പിക്കാനേല്‍പ്പിക്കാമായിരുന്നു!
:)

Umesh::ഉമേഷ് said...

എന്റെ മകൻ മൂന്നു വയസ്സുള്ളപ്പോൾ നന്നായി മലയാളം പറയാറുണ്ടായിരുന്നു. ഇംഗ്ലീഷ് കാര്യമായി അറിയുകയുമില്ലായിരുന്നു. സ്കൂളിൽ പോയപ്പോൾ ബുദ്ധിമുട്ടായി. അവൻ കലപിലാന്നു പറയുന്നതു് ആർക്കും മനസ്സിലാകാത്തതിന്റെ സങ്കടം. അവർ പറയുന്നതു് അവനു മനസ്സിലാകാത്തതിന്റെ സങ്കടം. ഏതാനും ദിവസം കൊണ്ടു് ടീച്ചർമാരും കുട്ടികളും “വീട്ടിൽ പോണം”, “അച്ഛനെ കാണണം”, “ഇടത്തു്”, “വലത്തു്”, “വേണ്ടാ”, “വിശപ്പില്ല” തുടങ്ങിയ വാക്കുകളും അർത്ഥവും പഠിച്ചു.

ഒരു ദിവസം ഞാൻ അവനെ വിളിക്കാൻ പോകുമ്പോൾ വേറൊരു ക്ലാസ്സിലെ സായിപ്പിൻ‌കുട്ടി എന്നെ “അച്ചാ” എന്നു വിളിക്കുന്നു. ഞാൻ ഞെട്ടിപ്പോയി. ഇവൻ വിളിക്കുന്നതു കേട്ടു് അവൻ അതെന്റെ പേരാണെന്നു കരുതിയതാണു്. വേറേ പ്രശ്നമൊന്നുമില്ല!

വീട്ടിൽ മലയാളം പറയുന്നതു തുടർന്നാൽ ഇംഗ്ലീഷ് പിക്ക് അപ് ചെയ്യുന്നതു് അല്പം പതുക്കെയായാലും മലയാളം നഷ്ടപ്പെടാതെ ഇരിക്കും. ഞങ്ങളുടെ അനുഭവം അതാണു്.

പിന്നെ, ഗുരുകുലത്തിലേയ്ക്കൊരു ലിങ്കു കണ്ടു. തെറ്റിപ്പോയതാണോ? ഇതാണോ ഉദ്ദേശിച്ചതു്?

പാഞ്ചാലി :: Panchali said...

നന്ദി! അതായിരുന്നു ഉദ്ദേശിച്ചത്. പക്ഷേ ആ പോസ്റ്റ് തിരക്കിനിടയ്ക്ക് കിട്ടിയില്ല. ഇനി ലിങ്ക് മാറ്റാം.
:)

Inji Pennu said...

ഹും. പാഞ്ചാലിയുടെ കുട്ടികളുടെ പോലെ മലയാളം ചോദ്യങ്ങള്‍ക്ക് ഇംഗ്ലീഷ് റെസ്പോണ്‍സ് പറയുന്ന പ്രശ്നം ഇവിടെയുമുണ്ട്. പ്രത്യേകിച്ച് രണ്ട് പേരന്റ്സും ജോലിക്ക് പോവുന്നവരാവുമ്പോള്‍ പ്രശ്നം രൂക്ഷമാവുന്നു. ജോലിയും കഴിഞ്ഞു ക്ഷീണിച്ചു വരുമ്പോള്‍ എന്തെങ്കിലും പറയട്ട്, ലാറ്റിനായാലും സാരമില്ല എന്ന് വീക്‍ഡേയ്സിലും വീക്കെന്റില്‍ അയ്യോ എന്റെ കൊച്ച് മലയാളം പറയുന്നില്ലല്ലോ എന്നൊരു നടുക്കവും വിഷമവും മലയാളം ക്ലാസ്സും ഡാന്‍സ് ക്ലാസ്സും ഒരു ഇന്ത്യന്‍/kerala കള്‍ച്ചര്‍ ബഹളവും. വീട്ടില്‍ മുഴുവന്‍ സമയം ബേബി സിറ്റര്‍ ആയിട്ട് മലയാളം മാത്രം പറയുന്ന ഒരു ആന്റി ഉണ്ടായിരുന്നപ്പോള്‍ സ്കൂളില്‍ പോവുന്ന വരെ നല്ല മലയാളം പറയും. മലയാളം നന്നായി മനസ്സിലാവും എന്നതറിയാം പ്രായമായവരോട് അവര്‍ മലയാളത്തിലേ സംസാരിക്കൂ. കാരണം പ്രായമായവര്‍ക്ക് ഇംഗ്ലീഷ് അറിയില്ല എന്ന് അവര്‍ ഊഹിച്ചെടുക്കും. അതുകൊണ്ട് തപ്പിത്തടഞ്ഞും കൃത്യമായി പറയും. നമ്മളോട് ‘അമ്മാ ഐ വാണ്ട് ചോറ്’ എന്ന് പറയുമ്പോള്‍ ചോറ് വേണം എന്ന് മലയാളത്തില്‍ പറയാന്‍ ആ സമയത്ത് നമ്മള്‍ തിരുത്തില്ലല്ലോ? പക്ഷെ പ്രായമായവരോട് “ചോറ് തരോ” എന്ന് നല്ല കൊഞ്ചിപ്പറയാന്‍ അറിയാം ഇതുങ്ങക്ക്. ഭാഷ അവര്‍ക്ക് ഒരു കമ്മ്യൂണിക്കേഷന്‍ ടൂള്‍ മാത്രമല്ലേ, അല്ലാണ്ട് നമ്മളുടെ അറ്റാച്മെന്റ് തോന്നാന്‍ എന്തായാലും വഴിയില്ല. മലയാളത്തിനേക്കാളും ഹിന്ദിയോടാണ് ആഭിമുഖ്യം കാണിക്കുന്നതും. ഹിന്ദി സിനിമയും മറ്റും മനസ്സിലാക്കാനുള്ളതുകൊണ്ട് കട്ടി കട്ടി
ഹിന്ദി വാക്കൊക്കെ ചോദിച്ചു മനസ്സിലാക്കും. ഒക്കെ സൂത്രക്കാരാണ് ചെറുതങ്ങളാണെന്ന് വിചാരിച്ചിട്ട് കാര്യമൊന്നുമില്ല.

പാഞ്ചാലി :: Panchali said...

ഇഞ്ചി പറഞ്ഞത് ശരിയായിരിക്കണം. ഞങ്ങളുടെ തൊട്ടടുത്ത മലയാളി സുഹൃത്തിന്റെ ഇംഗ്ലീഷ് മാത്രം പറയുന്ന മോന്‍ ഇത്തവണ നാട്ടില്‍ പോയി ഗ്രാന്‍ഡ് പേരന്റ്സിന്റെ കൂടെ ഒരു മാസം നിന്ന് തിരിച്ചെത്തി മലയാളം ഒരു മാതിരി നന്നായി പറഞ്ഞു തുടങ്ങി!

ഇവിടെയേതായാലും ഹിന്ദി പ്രേമം തുടങ്ങിയിട്ടില്ല. ഇനി എന്തൊക്കെ കാണണം (കേള്‍ക്കണം) എന്റെ ഈശ്വരന്മാരേ!

പാഞ്ചാലി :: Panchali said...

സപ്ന & ഡോകടര്‍ പണിക്കര്‍ കണ്ടതില്‍ സന്തോഷം.
:)

ശ്രീ said...

കുട്ടികളിലെ നിഷ്കളങ്കത പുറത്തു വരുന്നത് ഇങ്ങനെയുള്ള കൊച്ചു സംഭവങ്ങളിലൂടെയാകാം... കൊള്ളാം :)

പാഞ്ചാലി :: Panchali said...

ശ്രീ, വരവിലും അഭിപ്രായത്തിലും സന്തോഷം!

ജയരാജന്‍ said...

പുത്രവിശേഷം (പോസ്റ്റും കമന്റുകളും) കൊള്ളാം! :)
ഇവിടുത്തെ സർക്കാർ സ്കൂളുകൾ നല്ല നിലവാരമുള്ളവയല്ലേ? എന്തായാലും നാട്ടിലെപ്പോലെ അടിസ്ഥാനസൌകര്യമില്ലായ്മയോ അധ്യാപകരുടെ ഉത്തരവാദിത്തമില്ലായ്മയോ ഉണ്ടാകാൻ ഇടയില്ല.

ഓഫ്: ഈ കറുത്ത ബാക്ഗ്രൌണ്ടിൽ എന്റെ കണ്ണ് അടിച്ചുപോയി :( ഇത് എന്റെ മാത്രം പ്രശ്നമാണോ എന്തോ?

സുമയ്യ said...

സ്കൂളില്‍ ചേര്‍ക്കല്‍ എല്ലായിടത്തും ഒരു തര്‍ക്കം തന്നെ ആണ്.

പാഞ്ചാലി :: Panchali said...

ജയരാജ്, സുമയ്യ വരവിലും അഭിപ്രായം അറിയിച്ചതിലും വളരെ സന്തോഷം!

ജയരാജ്, ഇവിടുത്തെ പബ്ലിക് സ്കൂളുകളിലെ ഫസിലിറ്റീസ് വളരെ നല്ലതാണെന്നു തന്നെയാണ് എന്റെയും അഭിപ്രായം. ട്രൈ സ്റ്റേറ്റ്സില്‍ (ന്യൂയോര്‍ക്ക്, ന്യൂ‍ജേഴ്സി & കണക്റ്റിക്കട്ട്) സ്കൂളുകളുടെ പുതിയ ഡിസൈനുകള്‍ കണ്ടിട്ട് അല്‍ഭുതം തോന്നിയിട്ടുണ്ട്. ഫസിലിറ്റീസ് മാത്രമല്ല എനെര്‍ജി എഫിഷ്യന്‍സി, ഗ്രീന്‍ റ്റെക്നോളജി എന്നിവയിലും ഡിസൈനുകളില്‍ നന്നായി ശ്രദ്ധിക്കുന്നുണ്ട്. മിക്കവാറും പഴയ സ്കൂളുകള്‍ റിന്നൊവേറ്റ് ചെയ്തിട്ടുമുണ്ട്. (ഇവിടെ ഇത്രയും റ്റാക്സ് കൊടുക്കുന്നതില്‍ എനിക്ക് സന്തോഷം തോന്നുന്നത് സ്കൂളും പബ്ലിക് ലൈബ്രറിയും ഒക്കെ കാണുമ്പോളാണ്!)

പ്രൈവറ്റ് സ്കൂളുകള്‍ ഫണ്ടിങ്ങ് ഇപ്പോള്‍ ഒരു പ്രോബ്ലമാണെന്നു തോന്നുന്നു.മാന്ദ്യകാലത്ത്, ന്യൂയോര്‍ക്കില്‍ കുറെ പ്രൈവറ്റ് സ്കൂളുകള്‍ അങ്ങനെ പ്രശ്നത്തിലായതിനാല്‍ ഗവണ്മെന്റ് ഏറ്റെടുക്കാന്‍ പോകുന്നു എന്ന് മേയര്‍ ബ്ലൂംബര്‍ഗ് പറഞ്ഞതോര്‍ക്കുന്നു.

എന്റെ മരുമകള്‍ അത്യാവശ്യം നല്ലനിലയില്‍, ന്യൂയോര്‍ക്കിലെ വളരെ നല്ല ഒരു കാത്തലിക് സ്കൂളില്‍, പഠിച്ചിട്ട് കോളേജില്‍ ചേര്‍ന്നപ്പോള്‍ കൂടെ കോളേജില്‍ ചേര്‍ന്ന, പബ്ലിക് സ്കൂളില്‍ പഠിച്ച, കുട്ടികളുടെ സ്റ്റാന്‍ഡേര്‍ഡും എക്സ്പീരിയന്‍സും കണ്ട് തന്റെ അനുജത്തിയെ കാത്തലിക് സ്കൂളില്‍ നിന്നും പബ്ലിക് സ്കൂളിലേക്ക് മാറ്റാന്‍ നിര്‍ബന്ധിക്കുന്നു!

(ആ‍ ഫോട്ടോകള്‍ കണ്ടിട്ട് (പണ്ടേ കണ്ടതാ) ജയരാജും ട്ട്രൈസ്റ്റേറ്റില്‍ തന്നെയെന്നു കരുതുന്നു!)

പിന്നെ ബാക്ക് ഗ്രൌണ്ട് കളറിന്റെ കാര്യം:-ഏതു കരിവാരത്തിനും എപ്പോഴും റെഡിയായി-കമ്പ്യൂട്ടര്‍ പണികള്‍ വല്യ പരിചയമില്ലാത്തതിനാല്‍-സപ്പോര്‍ട്ടുമായി നില്‍ക്കുകയല്ലേ ഞാന്‍! വായിക്കാന്‍ ബുദ്ധിമുട്ടി എന്നറിഞ്ഞതില്‍ സങ്കടമുണ്ട്! :(

പുള്ളി പുലി said...

നന്നായി എഴുതിയിട്ടുണ്ട്. ഞാന്‍ ഇവിടെ ആദ്യായിട്ടാ മുഴുവനും വായിച്ചിട്ട് ഭാക്കി അഭിപ്രായം

പാഞ്ചാലി :: Panchali said...

കണ്ടതില്‍ സന്തോഷം പുള്ളിപ്പുലീ!
അഭിപ്രായങ്ങള്‍ അറിയിക്കുക.
:)

മുരളിക... said...

അവന്‍ പറഞ്ഞു പറയാനുള്ളത്...

പ്രിയംവദ-priyamvada said...

ഇവിടെയും കുറെക്കാലം one way മലയാളം ആയിരുന്നു...ഒരു മലയാളം വാക്കിനു 50 സെന്റ് പ്രതിഫല്ം വച്ചു നോക്കിട്ടും രക്ഷയില്ലായിരുന്നു..ഒരു മലയാളി കൂട്ടുകാരിയെ കിട്ടിയപ്പോള്‍ കുറെ ശരിയായി.. ..
പിന്നെ asianet കുറച്ചു സഹായിച്ചു..ഇപ്പൊള്‍ അല്‍പ്പം ചതുരവടിവിലാണെങ്കിലും പറയുന്നു.
കുറച്ചു നാള്‍ നാട്ടില്‍ നിന്നാല്‍ പെട്ടെന്നു പഠിക്കും,ഒരു സംശയവുമില്ല

വീട്ടില്‍ മലയാളം പറയുന്നതു ഒരു കാരണവശാലും നിറുത്താതിരുന്നാല്‍ മതി..അതാണു ഏറ്റവും ഫലപ്രദം..
qw_er_ty

പാഞ്ചാലി :: Panchali said...

മുരളീ, പ്രിയംവദ കണ്ടതില്‍ സന്തോഷം...

പ്രിയംവദ, മലയാളം ചാനല്‍ കണക്ഷന്‍ എടുക്കണം എന്നു വിചാരിച്ചിട്ട് കുറച്ചുനാളായി. ഇനി താമസിപ്പിക്കുന്നില്ല.
:)

PAACHU.... said...

hii sammathichirikkunnu

റോസാപ്പുക്കള്‍ said...

ഗിവ് അസ് അവര്‍ ഡൈലി ഇഡലി,ദോശ...

പാഞ്ചാലി :: Panchali said...

പാച്ചു, റോസാപ്പൂക്കള്‍ ....
:)