Thursday, December 25, 2008

അനോണി ആന്റണിക്കൊരു ക്രിസ്മസ് ടര്‍ക്കി

(ഈ പോസ്റ്റ് വായിക്കുന്നതിനു മുന്‍പ് കോവാലകൃഷ്ണന്‍ പറയുന്നതു പോലെ ഇതും, ഇതും കൂടി വായിക്കുക)

അമേരിക്കയില്‍ വന്നതിനു ശേഷം ഭക്ഷണം കഴിക്കുമ്പോള്‍ സ്ഥിരം മുന്നില്‍ വരുന്ന ഒരു വാക്കാണ്‌ ടര്‍ക്കി. സ്മോക്ഡ് ടര്‍ക്കി ആയും ടര്‍ക്കി സാന്റ്റ്വിച്ചായും താങ്സ് ഗിവിങ്ങിനു ഗ്രില്ല് ചെയ്തും മറ്റും ധാരാളം ടര്‍ക്കി അമേരിക്കയില്‍ വന്നതിനു ശേഷം അകത്താക്കിയിട്ടുണ്ട്‌. എന്നിരുന്നാലും മരുന്നിനു പോലും ഒരു ടര്‍ക്കി ഇവിടെ കണ്ടിട്ടില്ല. ഈ ടര്‍ക്കി എല്ലാം എവിടെയായിരിക്കും എന്ന് പല തവണ ആലോചിച്ചിട്ടുമുണ്ട്!

അങ്ങനെ കഴിഞ്ഞു കൂടുമ്പോളാണ് ഒരു ദിവസം ഹരീഷ് തൊടുപുഴയുടെ ഒരു പോസ്റ്റില്‍ കപ്പയും മത്തി (ചാള) വറുത്തതും കാണുന്നത്. എന്നാല്‍ ഇന്നു മത്തി കഴിച്ചിട്ട് തന്നെ കാര്യം എന്ന് കരുതി രാവിലെ തന്നെ പിള്ളേരെയും പെറുക്കി വാനിലിട്ടു പുറത്തിറങ്ങി. ലോക്കല്‍ മാര്‍ക്കറ്റ് എന്സൈക്ലോപീഡിയ റിപ്പോര്‍ട്ട് ചെയ്തു 5 മൈല്‍ അകലെയുള്ള ഒരു ചൈനീസ് സൂപ്പര്‍ മാര്‍ക്കറ്റില്‍ ഫ്രെഷ് മത്തി അവൈലബിള്‍ എന്ന്. $1.99/പൌണ്ട്. (ഫ്രോസേന്‍ മത്തി കഴിച്ചു, ഇഷ്ടപ്പെടാതെ, മടുത്തത് കൊണ്ടു തല്ക്കാലം മത്തി കഴിക്കുന്നത് നിര്‍ത്തി വച്ചിരിക്കുകയായിരുന്നു!)



പുല്‍ത്തകിടിയില്‍ വിശ്രമിക്കുന്നവര്‍

അങ്ങനെ ആ കൊടും തണുപ്പുള്ള പുലര്‍കാലത്ത്‌ എന്റെ വാന്‍ ചൈനീസ് സൂപ്പെര്‍മാര്ക്കറ്റ് നോക്കി കുതിച്ചു. കുട്ടികള്‍ പുറകിലിരുന്നു WALL-E കാര്‍ട്ടൂണ്‍ DVD കണ്ടു കൊണ്ടിരുന്നു. വാല്‍-ഇ യുടെ ഞരക്കവും മൂളലും കൊണ്ടു വണ്ടി മുഖരിതം! അപ്പോള്‍ പെട്ടെന്ന് പുത്രന്‍ (6 വയസ്സുകാരന്‍) പുറത്തേക്ക് ചൂണ്ടി അലറി "അവിടെ വലിയ കാക്കകള്‍ നില്ക്കുന്നു". ഇവനാര് കുഞ്ഞു സലിം അലിയോ എന്ന് മനസ്സിലോര്‍ത്തു ഞാന്‍ അങ്ങോട്ട് നോക്കിയപ്പോള്‍ കുറെ ടര്‍ക്കി കോഴികള്‍ (?) റോഡിന്റെ മറുവശത്തെ പുല്‍ത്തകിടിയില്‍ ഇരുന്നു വെയില്‍ കായുന്നു. ഏതായാലും അങ്ങനെ അമേരിക്കയില്‍ വന്നിട്ട് ടര്‍ക്കി കാണാന്‍ പറ്റാത്ത വിഷമം തീര്‍ന്നല്ലോ എന്ന് സമാധാനിച്ചു ഡ്രൈവിങ്ങ് ശ്രദ്ധിച്ചപ്പോള്‍ സലിം അലി വീണ്ടും അലറുന്നു! "അവിടെ ഒരു മാന്‍ ചത്തു കിടക്കുന്നു!". ഞാന്‍ റിയര്‍ വ്യൂ മിററില്‍ നോക്കിയപ്പോള്‍ അതാ ഒരു മാന്‍കുട്ടി വഴിയരികില്‍ (വണ്ടിയിടിച്ചായിരിക്കണം) ചത്തു കിടക്കുന്നു. മാന്‍കുട്ടി-ടര്‍ക്കി; ടര്‍ക്കി -മാന്‍കുട്ടി.....ഇല്ലാത്ത തലച്ചോര്‍ വര്‍ക്കു ചെയ്യിക്കാന്‍ ഞാനൊരു ശ്രമം നടത്തി! കഴുകനെക്കുറിച്ചും കോണ്ടുറിനെക്കുറിച്ചും മറ്റുമുള്ള ബ്ലോഗ് പോസ്റ്റുകള്‍ ഓര്‍മയില്‍ ഓടിയെത്തി. മത്തി, കപ്പ, ടര്‍ക്കി, കഴുകന്‍ ഇവയെല്ലാം മനസ്സില്‍ മാറി മറിഞ്ഞു. ഇതിനിടയ്ക്കു ഡ്രൈവിങ്ങും ശ്രദ്ധിക്കണം! എന്റെയൊരു ബുദ്ധിമുട്ട്‌! ഏതായാലും ഇന്നു കപ്പയും മത്തിയും വാങ്ങി തിരിച്ചു വരുമ്പോള്‍ ഇവരുന്ടെന്കില്‍ വണ്ടി നിര്‍ത്തി ഒന്നു നോക്കാം എന്ന് തീരുമാനം ഉറപ്പിച്ചു.


വണ്ടി നിര്‍ത്തിയപ്പോള്‍ അവര്‍ അല്‍പ്പം അകലെ മാറി നിന്നു.

അങ്ങനെ പെട്ടെന്ന് തന്നെ കപ്പയും മത്തിയും മാത്രം വാങ്ങി തിരുമ്പി വരുമ്പോള്‍ ഒരു ടര്‍ക്കി അതാ മാന്‍ കുട്ടിയുടെ അടുത്തെത്തി കൂടെ ഒരു സുഹൃത്ത് കാവലും. വണ്ടി പതുക്കെ ഹാര്‍ഡ് ഷോള്ഡറില്‍ ഒതുക്കി നിര്‍ത്തി വണ്ടിയിലിരുന്നു തന്നെ നിരീക്ഷണം തുടര്‍ന്നു. ടര്‍കികള്‍ ചിറകു വിരിച്ചു പൊക്കിപ്പിടിച്ച് മാന്‍കുട്ടിക്കു ചുറ്റും നടന്നപ്പോള്‍ കുഞ്ഞ് സലിം അലി വീണ്ടും ശബ്ദിച്ചു "ജംഗിള്‍ ബൂകിലെ വള്‍ചറിനെപ്പോലെ ഉണ്ട്". അപ്പോഴാണ്‌ "സംശയമില്ല ഇതു കഴുകന്‍ തന്നെ എന്ന് തോന്നിയത്!" ക്യാമറ കയ്യിലില്ലാത്തതില്‍ വിഷമം തോന്നി അപ്പോഴാണ്‌ കയ്യില്‍ പുതിയ സെല്‍ ഫോണ്‍ "ബ്ലാക്ക്‌ ബെറി സ്റ്റോം" ആണല്ലോ എന്നോര്‍ത്തത്. ( എനിക്ക് ഒട്ടും പൊങ്ങച്ചമില്ല എന്ന് ഇപ്പോള്‍ മനസ്സിലായല്ലോ? DVD ഉള്ള വണ്ടിയും ബ്ലാക്ബെറി സ്റോമും കയ്യിലുണ്ടെന്ന് അറിയിക്കാന്‍ എനിക്ക് ഒരു ഉദ്ദേശവുമില്ലായിരുന്നു! അതൊക്കെ ഇവിടെ സര്‍വ സാധാരണമാണ്.) പിന്നെ പറ്റുന്നത് പോലെയൊക്കെ ക്ലിക്ക് ചെയ്തു. ഓരോ വണ്ടികള്‍ കടന്നു പോകുമ്പോളും അവര്‍ റോഡ് സൈഡില്‍ നിന്നും അല്‍പ്പം അകലേക്ക് മാറി നിന്നിരുന്നു. പത്തു മിനിട്ടോളം അവര്‍ മാന്‍ കുട്ടിയെ കൊത്തിപ്പറിച്ചു. അതിന് ശേഷം പറന്നു പുല്‍ത്തകിടിയില്‍ പോയി വിശ്രമിച്ചു. കൊടും തണുപ്പിനെ അവഗണിച്ച് ഞാന്‍ പുറത്തിറങ്ങി മാന്‍ കുട്ടിയുടെ ദയനീയ രംഗവും പകര്‍ത്തി അവിടെ നിന്നും പോന്നു.

"ഒരുത്തന്‍ പറന്നകന്നു"

വീട്ടിലെത്തി ഉടന്‍ തന്നെ ഈ പ്രത്യേക ടര്‍ക്കി കുട്ടന്മാരെകുറിച്ചു അന്വേഷണം ആരംഭിച്ചു.കഥാനായകന്റെ പേര് ടര്‍ക്കി വള്ചര്‍ (Turkey vulture അല്ലെങ്കില്‍ Cathartes aura). ഞാനാദ്യമായിട്ടു കാണുകയാണെങ്കിലും ഇവര്‍ അമേരിക്കയില്‍ ധാരളമുണ്ടത്രേ! ഗൂഗിളില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ കിട്ടിയ കുറെ വിവരങ്ങള്‍ നിങ്ങള്‍ക്കായി പങ്കു വയ്ക്കുന്നു! ടര്‍ക്കി വള്ചര്‍ ഏതാണ്ട് മൂന്നു നാലു കിലോ തൂക്കമുള്ള, 3 അടിയോളം നീളമുള്ള ( ആറടിയോളം വിന്ഗ് സ്പാന്‍ ഉള്ള) ചുവന്ന തലയുള്ള ഒരു തരം വള്ചര്‍ ആണ്. തലയുടെ കളറും ചുണ്ടും ടര്‍ക്കി കോഴിയെ അനുസ്മരിപ്പിക്കുന്നു. കറുപ്പിനോടടുത്ത ബ്രൌണ്‍ കളറാണ് തൂവലിന്. ചുണ്ടിനു ഐവറി കളര്‍. (ഇതൊക്കെ കാണണമെങ്കില്‍ ഞാനെടുത്ത ചിത്രം പോരാ. ഈ ചിത്രം നോക്കുക.) മറ്റു കഴുകന്മാരെപ്പോലെ ഇവരും കഷണ്ടിതലയന്മാരാണ്. മൃത ശരീരങ്ങള്‍ തന്നെയാണ് ഇവര്‍ക്കും പഥ്യം. (ശവശരീരത്തില്‍ നിന്ന്, തല ഉള്ളില്‍ കടത്തി, ഭക്ഷിക്കുമ്പോള്‍ തലയില്‍ തൂവലില്ലതിരിക്കുന്നതാണ് അവിടെ അവശിഷ്ടങ്ങള്‍ പറ്റിപ്പിടിക്കതിരിക്കാന്‍ ഉത്തമം!) ഇരയെ ഇവ സാധാരണയായി ആക്രമിച്ചു കൊല്ലാറില്ല. അസാമാന്യ ഘ്രാണ ശക്തിയുള്ള ഇക്കൂട്ടര്‍ മണം പിടിക്കുന്നതില്‍ മറ്റു കഴുകന്മാരെക്കാള്‍ മൂന്നിരട്ടി മുന്‍പിലാണ്. ഇവരുടെ കാഴ്ച ശക്തിയും അപാരം തന്നെ!


"ഇനി തുടങ്ങാം"
ഏതാണ്ട് 20-21 വയസ്സാണ് ശരാശരി ആയുസ്സ്. ചിറകുകള്‍ V ഷെയിപ്പില്‍ പിടിച്ചു മണിക്കൂറുകളോളം പറക്കാന്‍ ഇവയ്ക്കു കഴിയും.അറുപതു മൈല്‍ സപീഡില്‍ വരെ പറക്കുന്ന ഇവര്‍ക്ക് ഏതാണ്ട് 6 മണിക്കൂറോളം ചിറകടിക്കാതെ പറന്നു നില്ക്കാന്‍ കഴിയുമെന്നും വായിച്ചു! (ഇതൊക്കെ എങ്ങനെ അളക്കുന്നോ ആവോ!)


"ശ്ശെ! .. വീണ്ടും ഡിസ്റര്‍ബന്സ്"

ടര്‍ക്കി വള്ചര്‍ കൂട്ടമായി ചേക്കേറുന്നവരാണ്. ഇര തേടുവാന്‍ മാത്രം ഒറ്റ തിരിഞ്ഞു ഇറങ്ങാറുണ്ട്‌. ചിറകു പൊക്കി വിരിച്ചു പിടിച്ചു ഇവരുടെ നില്‍പ്പ് പ്രസിദ്ധമാണ്. "ഹൊറാള്‍ടിക് പോസ്" എന്നാണിതറിയപ്പെടുന്നത്. ഇതു ചിറക് ഉണക്കുന്നതിനും ശരീരം ചൂടാക്കുന്നതിനും ബാക്ടീരിയ കളയുന്നതിനും കൂടിയാണ്.

"ആഹാ! യമ്മീ!!"

ശത്രുക്കളെയും മറ്റു ജീവികളെയും അകറ്റാന്‍ ഇവര്‍ ചെയ്യുന്നത് ഒരു തരം "വാള് വയ്ക്കലാണ്". പകുതി ദഹിച്ച മാംസക്കഷണങ്ങള്‍ ഇവര്‍ ചുമച്ചു തുപ്പിവയ്ക്കും. "മനം മയക്കുന്ന" ഈ നാറ്റം സഹിക്കാന്‍ വയ്യാതെ ഒരു മാതിരിപെട്ട ഒരുത്തരും അടുത്ത് വരില്ല പോലും! എന്നിട്ടും അടുത്ത് വരുന്നവരുടെ കണ്ണിലും വായിലും വാള് വയ്ക്കുന്ന പതിവുമുണ്ടാത്രേ! ഇതും പോരാഞ്ഞ് വയറ്റില്‍ ദഹിക്കാതെ കിടക്കുന്ന വലിയ മാംസക്കഷണങ്ങള്‍ അയവെട്ടി പുറത്തെടുത്തു മറ്റുള്ളവര്‍ക്ക് കഴിക്കാന്‍ കൊടുത്തു സ്വന്തം ഇരയില്‍ നിന്നും അവരുടെ ശ്രദ്ധ തിരിപ്പിക്കുന്ന "ദാനശീലര്‍" കൂടിയാണിവര്‍!
"ഇവിടെ ഭയങ്കര ശല്യമാണല്ലോ"

സ്വന്തം കാലില്‍ മൂത്രമൊഴിക്കുന്ന സ്വഭാവവും ഇക്കൂട്ടര്‍ക്കുണ്ട്. ബാഷ്പീകരണം മൂലം ശരീരം തണുക്കുന്നതിനും മൂത്രത്തിലുള്ള സ്ട്രോങ്ങ്‌ ആസിഡ് ശവശരീങ്ങളില്‍ നിന്നും കിട്ടിയ ബാക്ടീരിയ നീക്കം ചെയ്യുന്നതും കൊണ്ടാണീ പ്രത്യേക പരിപാടി.


"ഇനി പിന്നെ വരാം"

ഞാന്‍ മനസ്സിലാക്കിയിരുന്നത് ശവശരീരം കാണുമ്പോള്‍ മാത്രമാണ് കഴുകന്മാര്‍ വട്ടമിട്ടു പറക്കുന്നതെന്നായിരുന്നു. എന്നാല്‍ നീണ്ട പറക്കലിന് മുന്നോടിയായും ഭക്ഷണം അന്വേഷിച്ചും പിന്നെ കളിക്കുമ്പോളും ഇവര്‍ വട്ടമിട്ടു പറക്കാറുണ്ടെന്നത് പുതിയ അറിവായിരുന്നു.

പാവം മാന്‍കുട്ടി

അന്താരാഷ്ട്ര ദേശാടന പക്ഷി സംരക്ഷണ നിയമമനുസരിച്ച് ടര്‍ക്കി വള്ചര്‍ അമേരിക്കയില്‍ സംരക്ഷിതരാണ്. അമേരിക്കയില്‍ ഈയടുത്തകാലത്തു ഇവരുടെ എണ്ണം ഏതാണ്ട് രണ്ടു ശതമാനത്തോളം വര്‍ധിച്ചിട്ടുണ്ട്!
(വിവരങ്ങള്‍ക്ക് കടപ്പാട് : വികിപിഡിയ ഉള്‍പ്പെടെയുള്ള പല സൈറ്റുകള്‍ )






Saturday, December 20, 2008

ഡെലവെയര്‍ വാട്ടര്‍ ഗ്യാപ്പില്‍ നിന്നുള്ള ഫാള്‍ ചിത്രങ്ങള്‍.

ഇന്നലെ ഭയങ്കര മഞ്ഞു വീഴ്ചയായിരുന്നു. ഇവിടെ ഏതാണ്ട് നാല് ഇഞ്ചോളം! നോര്‍ത്തേണ്‍ ന്യൂ ജെഴ്സിയിലും ന്യൂ യോര്‍ക്കിലും ഏതാണ്ട് ഒരടി വരെ വീണിരുന്നു. മഞ്ഞു നീക്കി ക്ഷീണിച്ചിരുന്നു പഴയ ഡിസ്കുകള്‍ തപ്പിയപ്പോള്‍ ആ നല്ല ശിശിരകാലത്തിന്റെ ബാക്കിപത്രമെന്നപോലെ രണ്ട് വര്‍ഷങ്ങള്‍ക്കു മുന്പുള്ള പടങ്ങള്‍ (നഷ്ടപ്പെട്ടു എന്ന് കരുതിയിരുന്നവ) കിട്ടി. ഡെലവെയര്‍ വാട്ടര്‍ ഗ്യാപ് നാഷണല്‍ പാര്‍കില്‍, കിറ്ററ്റിന്നി മലയുടെ അടിവാരത്തു നിന്നും എടുത്തവ.

മലനിര മുറിച്ചു പുഴ ഒഴുകുന്ന പ്രദേശത്തിന് വാട്ടര്‍ ഗ്യാപ് എന്ന് വിളിക്കുന്നു. ഡെലവെയര്‍ വാട്ടര്‍ ഗ്യാപ് ന്യൂ ജേഴ്സി, പെന്‍സില്വേനിയ സംസ്ഥാനങ്ങളുടെ അതിര്‍ത്തിയിലാണ്. ധാരാളം ടൂറിസ്റ്റുകള്‍ ജലക്രീഡകള്‍ക്കും, കാമ്പിങ്ങിനും, മീന്‍ പിടുത്തത്തിനും എത്തുന്ന സ്ഥലം!


"നീലജലാശയത്തില്‍..."



"ശിശിരമേ...നീ...ഇതിലെ വാ..."


Monday, December 15, 2008

ഫോട്ടോഫിഡില്‍

ഫോട്ടോഫിഡിലിനെക്കുറിച്ചുനേരത്തെ കേട്ടിരുന്നെങ്കിലും ഇന്നലെ വീണ്ടും റേഡിയോയില്‍ കേട്ടപ്പോള്‍ മുതല്‍ ബൂലോകത്തെ കൂട്ടുകാരുമായി ഇതു പങ്കു വയ്ക്കണമെന്നുള്ള ആഗ്രഹം ഇരട്ടിച്ചു. കൂടാതെ ഒരു സുഹൃത്ത് ഫോട്ടോഫിഡില്‍ ചെയ്ത വര്‍ക്കിനെപ്പറ്റി പുകഴ്ത്തുന്നതും കൂടി കേട്ടപ്പോള്‍ ഇനി താമസിക്കേണ്ട എന്ന് കരുതി!



ഫോട്ടോഫിഡില്‍ (photofiddle.com) ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഫോട്ടോ ആര്‍ട്ട് വെബ് സൈറ്റ് ആണത്രേ! ഈ സൈറ്റില്‍ നിങ്ങള്ക്ക് ഫ്രീ ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു ഫോട്ടോകള്‍ ആര്‍ട്ട് വര്ക്ക് ആക്കി മാറ്റിയെടുക്കാന്‍ പറ്റും! ഫോട്ടോഫിഡില്‍.കോം സൈറ്റില്‍ മുപ്പതില്‍ പരം ആര്‍ട്ട് സ്റ്റൈലില്‍ നിങ്ങളെടുത്ത ഫോട്ടോ മാറ്റിയെടുക്കാം. നിങ്ങള്‍ അഡോബിയോ മറ്റു സോഫ്റ്റ്വെയറുകളൊ പഠിക്കേണ്ട ആവശ്യമില്ല. ഇവരുടെ സൈറ്റില്‍ ഫോട്ടോ അപ്‌ലോഡ് ചെയ്തതിനു ശേഷം വേണ്ട സ്റ്റൈല്‍ തിരഞ്ഞെടുത്തു കുറച്ചു ക്ലിക്കുകള്‍ നടത്തേണ്ട ആവശ്യമേയുള്ളൂ. ക്രെഡിറ്റ് കാര്ഡ് നമ്പരും ഷിപ്പിംഗ് അഡ്രസ്സും കൊടുത്താല്‍ സെലക്റ്റ് ചെയ്ത സ്റൈലിലും ഫ്രെയ്മിലും രൂപപ്പെടുത്തിയ നിങ്ങളുടെ ഫോട്ടോ വീട്ടിലെത്തും.


ഓയില്‍ പെയിന്റിംഗ് സ്റ്റൈല്‍


അമേരിക്കയില്‍ മാത്രമല്ല ലോകത്തെമ്പാടെക്കും ഇവര്‍ ഷിപ്പ് ചെയ്യും. എല്ലാവര്ക്കും അവരുടെ ഇഷ്ട ഫോട്ടോകള്‍ ആര്‍ട്ട് വര്ക്ക് ആക്കി ഭിത്തിയില്‍ തൂക്കാന്‍ പറ്റുക എന്നത് നല്ല ഒരു കാര്യമാണ്. നിങ്ങളുടെ പ്രിയന്കരരുടെയും മറ്റും ചിത്രങ്ങള്‍ ഇങ്ങനെ ആര്‍ട്ട് ഫോമില്‍ മാറി വരുമ്പോള്‍ ഉണ്ടാകുന്ന വ്യത്യാസം വലുതാണ്‌!



വാടര്‍ കളര്‍ സ്റ്റൈല്‍ .

ഇനി അല്പം ചരിത്രം:

ജൂണ്‍ 2004 നു തുടങ്ങിയ സൈറ്റ് അധികം താമസിയാതെ തന്നെ പത്രങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റി. വാഷിങ്ങ്ടന്‍ പോസ്റ്റ്, USA ടുഡേ, PC മാഗസിന്‍ തുടങ്ങിയവ പ്രശംസ കൊണ്ടു മൂടി! 2006 ല് ഓപ്ര വിന്‍ഫ്രി തന്റെ "ഓ" ലിസ്റ്റില്‍ പെടുത്തിയതോടെ പ്രശസ്തി പിന്നെയും ഉയര്ന്നു! ഇപ്പോഴത്തെ Alexa ട്രാഫിക് രേടിംഗ് 182995 ആണ്!


ഇമ്പസ്ടോ സ്റ്റൈല്‍

ഈയിടെ ടുഡേ ഷോ "ഏറ്റവും നല്ല DIY (Do it Yourself) Decorating ഐഡിയ" ആയി ഇവരെ തിരഞ്ഞെടുത്തിരുന്നു. CBS ഏര്‍ലി ഷോ "ഏറ്റവും നല്ല Mothers Day ഗിഫ്റ്റ് ഐഡിയ" ആയും! CNBC TV ഷോ ആയ "ദ നെക്സ്റ്റ് ബിഗ് ഐഡിയ " നടത്തിയ തിരഞ്ഞെടുപ്പില്‍ ഫോട്ടോഫിഡില്‍. കോം "മില്യണ്‍ ഡോളര്‍ ഐഡിയ" ആയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു!


വളരെ user friendly ആയ മെനു ആണ് ഇവരുടെ സൈടിലുള്ളത്. ബേസിക് കമ്പ്യൂട്ടര്‍ അറിവ് മതി ഫോട്ടോ അപ്‌ലോഡ് ചെയ്തു ഓര്‍ഡര്‍ നല്‍കാന്‍ എന്നുള്ളതാണ് ഏറ്റവും നല്ല സംഗതിയായി എനിക്ക് തോന്നിയത്. ആര്‍ട്ട് ഷോപ്പുകളില്‍ നിന്നും പെയിന്റിംഗ് വാങ്ങുന്ന വില വച്ചു നോക്കുമ്പോള്‍ ഇവരുടെ വില അധികമല്ലെന്ന് തോന്നി! പ്രത്യേകിച്ചും സ്വന്തം ചിത്രങ്ങള്‍ ആര്‍ട്ട് ഫോമില്‍ ആക്കി കിട്ടുന്ന കാര്യം കൂടി ആലോചിക്കുമ്പോള്‍!


ഫോട്ടോഫിഡില്‍ പരസ്യ വീഡിയോ ഇവിടെ കാണാം.


ചിതങ്ങള്‍ക്ക് കടപ്പാട് : photofiddle.com


Wednesday, November 26, 2008

ആമിഷുകളുടെ നാട്ടില്‍

ആമിഷുകളെപ്പറ്റി എന്നാണു ആദ്യമായി കേട്ടതെന്നു ഇപ്പോഴും സംശയമാണ്. കോളേജ് ജീവിതത്തിന്നിടയില്‍ കണ്ട സിനിമയില്‍ നിന്നോ വായിച്ച ബുക്കില്‍ നിന്നോ ആണെന്ന് തോന്നുന്നു. അമേരിക്കയില്‍ എന്നെങ്കിലും പോകുകയാണെങ്കില്‍ ഇക്കൂട്ടരെ ഒന്നു കാണണമെന്ന് അന്നേ തീരുമാനിച്ചിരുന്നു. ഇവിടെ വന്നിട്ട് കുറെ നാളായെങ്കിലും പല തവണ മാറ്റി വച്ച ആമിഷ് ഗ്രാമ സന്ദര്‍ശനം നടത്താന്‍ പറ്റിയത് ഈ വര്‍ഷം ഏപ്രിലില്‍ ആണ്. ഏപ്രിലിലെ ഒരു ശനിയാഴ്ച യാത്ര പുറപ്പെട്ടു sight & sound തിയേറ്റര്‍, ഹെര്‍ഷേയ്സ് ചോക്ലേറ്റ് ഫാക്ടറി, ആമിഷ് ഗ്രാമം എന്നിവ, രണ്ടു ദിവസം പെന്‍സില്വേനിയ കറങ്ങി, കണ്ടു.

സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്ന ആമിഷ് വില്ലേജിന്റെ പ്രവേശന കവാടം.

അന-ബാപ്ടിസ്റ്റ് (വിശ്വാസികള്‍ പ്രായപൂര്‍ത്തിയായതിനു ശേഷം മാമ്മോദീസ സ്വീകരിക്കുന്ന കൂട്ടം) എന്നറിയപ്പെടുന്ന ഒരു ക്രിസ്ത്യന്‍ സമൂഹത്തിലെ ഒരു വിഭാഗമാണ്‌ ആമിഷുകള്‍. ഇവര്‍ ലളിത ജീവിതം ഇഷ്ടപ്പെടുന്നവരാണ്. നൂതന സാങ്കേതിക വിദ്യകളോട് അകന്നു പഴമകള്‍ പിന്തുടര്‍ന്ന് വരുന്ന ഒരു സമൂഹം. പണ്ടു മുതലേ വൈദ്യുതി ഉപയോഗം ഇവര്‍ ഒഴിവാക്കിയിരുന്നു. അത് കൊണ്ടു തന്നെ ടെലിവിഷന്‍, കമ്പ്യൂട്ടര്‍, ടെലിഫോണ്‍ എന്നിവയില്‍ നിന്നൊക്കെ ഇവര്‍ അകന്നു കഴിയുന്നു. (എന്നാല്‍ ചുരുക്കം ചില ഗ്രൂപ്പ് ഇവ ഉപയോഗിക്കുന്നുമുണ്ട്). ഇവരില്‍ തന്നെയുള്ള പല സമൂഹങ്ങള്‍ തമ്മിലും ഇങ്ങനെയുള്ള പല വ്യത്യാസങ്ങള്‍ കാണാം.

ആമിഷ് സ്ടോറിനു മുന്‍പിലെ ആമിഷ് സ്ത്രീ പുരുഷ പ്രതിമകള്‍

അമേരിക്കയില്‍ ഏതാണ്ട് 21 സംസ്ഥാനങ്ങളില്‍ ആമിഷുകള്‍ ഉണ്ടെന്നാണ്‌ അറിഞ്ഞത്. ഏറ്റവും കൂടുതല്‍ ആമിഷുകള്‍ ഉള്ളത് പെന്‍സില്വേനിയ സംസ്ഥാനത്തിലാണ്. ഏകദേശം 44,000 ആമിഷുകള്‍ ഈ സംസ്ഥാനത്തുണ്ട്. (പെന്‍സില്വേനിയ സംസ്ഥാനം ബൂലോഗ പുലികളാലും സമൃദ്ധം! ഇവിടെ തന്നെയാണെന്നു തോന്നുന്നു നമ്മുടെ ഫോട്ടോ പുലികളായ സപ്തവര്‍ണങ്ങളും, യാത്രാമൊഴിയും പിന്നെ പുലി ദമ്പതികള്‍ കുട്ട്യേടത്തിയും മന്‍ജീതും).


ഏക മുറി വിദ്യാലയം

പെന്‍സില്വേനിയയിലെ സ്ട്രാസ്ബെര്‍ഗ്, റോന്‍ക്സ് എന്നിവിടങ്ങളിലെ ആമിഷ് പ്രദേശങ്ങള്‍ ഞങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഇവിടുത്തെ ആമിഷുകള്‍ കൃഷിക്കും സവാരിക്കുമായി കുതിരകളെ ഉപയോഗിക്കുന്നു. ഇവരുടെ കുതിരവണ്ടികള്‍ ബഗ്ഗീസ് എന്നറിയപ്പെടുന്നു. ആമിഷുകള്‍ യന്ത്രവാഹനങ്ങള്‍ ഓടിക്കാറില്ല (പക്ഷെ ആവശ്യമെങ്കില്‍ ടാക്സി ഉപയോഗിക്കാം. പക്ഷെ ഞായറാഴ്ചകളില്‍ അതും പാടില്ല!). പുറം ലോകവുമായുള്ള സമ്പര്‍ക്കം ലളിത ജീവിതത്തിന്നു തടസ്സമാവുമെന്നതിനാല്‍ അതില്‍ നിന്നും കഴിവതും ഇവര്‍ ഒഴിവായി നില്ക്കുന്നു. മണ്ണെണ്ണ, പെട്രോള്‍ തുടങ്ങിയവ ഉപയോഗിച്ചുള്ള ഫ്രിഡ്ജ്‌, കൃഷി യന്ത്രങ്ങള്‍ (കുതിരയോ മനുഷ്യരോ തള്ളുകയോ വലിക്കുകയോ ചെയ്യുന്ന) എന്നിവ ഉപയോഗിക്കാറുണ്ടിവര്‍. ഔട്ട് ഗോയിംഗ് കോള്‍സ് മാത്രമുള്ള ഫോണും കണ്ടു. സൈനിക സേവനത്തിനും ഇവര്‍ എതിരാണ്.



പുരുഷന്മാരുടെ വസ്ത്രങ്ങള്‍

ഇവര്‍ തമ്മില്‍ സംസാരിക്കുന്നത് പെന്‍സില്‍വേനിയ ഡച്ച് എന്ന ഭാഷയാണ്. മിക്കവര്‍ക്കും ഇംഗ്ലീഷ് അറിയാം. സ്വിസ്-ജര്‍മന്‍ പാരമ്പര്യം ഇവര്‍ പിന്തുടര്‍ന്ന് പോരുന്നു.ഇവര്‍ക്ക് ദേവാലയങ്ങളില്ല. കൂട്ട പ്രാര്ഥനകള്‍ ഏതെങ്കിലും വീട്ടില്‍ ഒത്തു കൂടി നടത്തുന്നു. എട്ടാം ക്ലാസ്സ് വരെ മാത്രം കുട്ടികള്‍ പഠിക്കുന്നു. വിദ്യാലയങ്ങള്‍ മിക്കവാറും ഏക മുറി വിദ്യാലയങ്ങളാണ്. പ്രായപൂര്‍ത്തിയായതിനു ശേഷം ഇവര്‍ യുവതീ യുവാക്കളെ പുറം ലോകത്തെക്കുറിച്ച് അറിയാനായി അനുവദിക്കുന്നു. ഈ സമയത്തു പുറത്തു പോകുന്നവര്‍ ആമിഷുകളില്‍ നിന്നു പുറം തള്ളപ്പെടും. എങ്ങനെ പുറം തള്ളപ്പെട്ടതിനു ശേഷം മാനസാന്തരപ്പെട്ടു തിരിച്ചു വന്നവരും ഉണ്ട്!

ആമിഷ് വസ്ത്രങ്ങള്‍

പുറം ലോക പരിചയത്തിനു ശേഷം ആമിഷ് യുവതീ യുവാക്കളുടെ വിവാഹം നടത്തുന്നു. ആമിഷുകള്‍ പുറം ലോകരുമായി വിവാഹം അനുവദിക്കില്ല. സാധാരണയായി വിവാഹങ്ങള്‍ നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ വിളവെടുപ്പിനുശേഷം ചൊവ്വ്വാഴ്ചയോ വ്യാഴാഴ്ചയോ നടത്തുന്നു. (വളരെ ലളിതമായ രീതിയില്‍ ആഭരണങ്ങളൊന്നുമില്ലാതെ കുറച്ചു പൂക്കള്‍ മാത്രം ഉപയോഗിച്ച്!).

കുക്കിംഗ് റേഞ്ച്
ഇവരുടെ വിശ്വാസമനുസരിച്ച് ധരിക്കുന്ന വസ്ത്രങ്ങള്‍ നിറം,ഘടന എന്നിവയാല്‍ ശ്രദ്ധ പിടിച്ചു പറ്റുന്നവയാകരുത്. പ്രിന്റ് ഡിസൈന്‍ എന്നിവയുള്ള വസ്ത്രങ്ങള്‍ ആനുവദനീയമല്ല. സ്ത്രീകള്‍ കണങ്കാല്‍ വരെയെത്തുന്ന ഏപ്രണ്‍ (കറുപ്പോ നീലയോ വെളുപ്പോ),പുരുഷന്മാര്‍ ഇരുണ്ട ട്രൌസര്‍, വെസ്റ്റ് കോട്ട്, സസ്പെന്ഡര്‍, തൊപ്പി, കറുത്ത ബൂട്ട് എന്നിവ ധരിക്കുന്നു. കല്യാണം കഴിക്കുന്നത്‌ വരെ പുരുഷന്മാര്‍ ക്ലീന്‍ ഷേവ് ചെയ്യുന്നു. വിവാഹിതരായ പുരുഷന്മാര്‍ താടി വളര്‍ത്തും. പക്ഷെ മീശ പാടില്ല! (മീശ സൈന്യവും പൊങ്ങച്ചവുമായി ബന്ധപ്പെട്ടതാണത്രെ!). ഇവര്‍ വീടുകളില്‍ രൂപങ്ങളോ, പെയിന്റിംഗുകളോ തൂക്കാറില്ല. ഫോട്ടോ എടുക്കുന്നതിനും ഇവര്‍ എതിരാണ്. (അതിനാല്‍ ഞങ്ങള്‍ സന്ദര്‍ശിച്ച വീട്ടില്‍ വച്ചു ഫോട്ടോ ഒന്നും എടുത്തില്ല-പകരം സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്ന ആമിഷ് വില്ലേജില്‍ വച്ചെടുത്ത ഫോട്ടോകളും ഞാന്‍ കുത്തിവരച്ച ആമിഷ് ദമ്പതികളുടെ ഒരു ചിത്രവും ഇവിടെ കാണാം).

പെട്രോള്‍ ഉപയോഗിച്ചുള്ള ഇസ്തിരിപ്പെട്ടി

സോഷ്യല്‍ സെക്യൂരിറ്റി പെയ്മെന്റ്, ഗവണ്മെന്റ് ആനുകൂല്യങ്ങള്‍, ഇന്‍ഷുറന്‍സ് എന്നിവയിലൊന്നും ഇവര്‍ വിശ്വസിക്കുന്നില്ല. അതിനാല്‍ ഇവരില്‍ ചില ഗ്രൂപ്പുകള്‍ ചികില്‍സയ്ക്കായി ഇവരുടെ ഇടയില്‍ തന്നെ പിരിവെടുത്തു പണം സ്വരൂപിക്കാറുണ്ട്. (അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഇവര്‍ മോഡേണ്‍ മെഡിസിന്‍ ഉപയോഗിക്കും).


മണ്ണെണ്ണ കൊണ്ടു പ്രവര്‍ത്തിക്കുന്ന ഫ്രിഡ്ജ്‌

ചെറുകിട കൃഷിക്കാര്‍ മുതല്‍ വന്‍ഭൂവുടമാകളായ മില്യണയര്മാര്‍ വരെ ഇക്കൂട്ടരിലുണ്ട്. കൃഷി നഷ്ടമായി തുടങ്ങിയപ്പോള്‍ ചിലര്‍ ഫാക്ടറി തൊഴിലാളികളായും കരകൌശല വസ്തുക്കള്‍ ഉണ്ടാക്കുന്നവരായും മാറി. ആമിഷുകളുടെ ഹാന്‍ഡ് മെയിഡ് ക്വില്‍റ്റ് വളരെ പ്രസിദ്ധമാണ്. ധാരാളം സന്ദര്‍ശകര്‍ വരുന്നതിനാല്‍ ഇവരുണ്ടാക്കിയ വസ്തുക്കള്‍ നന്നായി വിറ്റു പോകുന്നു. സന്ദര്ശകര്‍ക്കായുണ്ടാക്കിയ ആമിഷ് വില്ലേജും ആമിഷ് സ്ടോറുകളും കൃഷിയിട സന്ദര്‍ശനങ്ങളും ആമിഷുകളുടെ കൂടെ ഒരു ദിവസം താമസം പരിപാടിയുമൊക്കെയായി ടൂറിസം ഇവിടെ പൊടിപൊടിക്കുന്നു!
( ഇതെല്ലാം കണ്ടപ്പോള്‍ പണ്ടു വക്കാരി ഇവിടം സന്ദര്‍ശിച്ചതിനു ശേഷം പ്ര.പ്ര യുടെ പോസ്റ്റില്‍ ഇട്ട കമന്റ് ശരിയാണല്ലോ എന്നോര്‍ത്തു !)

കുതിരവണ്ടി - ബഗ്ഗി
ആമിഷ് ഗ്രാമം സന്ദര്‍ശിക്കുന്നവര്‍ സ്ട്രാസ്ബെര്‍ഗിലുള്ള sight & sound തീയെറ്ററിലെ ബൈബിള്‍ ഷോയും (ജാതി മത ഭേദമന്യേ) കാണുന്നത് നല്ലതാണ്. കൂടാതെ ഹെര്‍ഷേയ്സ് ചോക്ലേറ്റ് ഫാക്ടറി തുടങ്ങി മറ്റനവധി ടൂറിസ്റ്റ് അട്രാക്ഷന്‍സ് ഇവിടെ നിന്നും അധികം ദൂരത്തല്ലാതുണ്ട്!
ജലചക്രം

ആമിഷ് സ്ഥലത്തു മേയുന്ന കുതിര

ഞങ്ങള്‍ കണ്ട ആമിഷ് ദമ്പതികള്‍
( എന്റെ തന്നെ കുത്തിവര )





വിവരങ്ങള്‍ക്ക് കടപ്പാട് : ആമിഷ് വില്ലേജ്, സ്ട്രാസ്ബെര്‍ഗ്; വികിപിഡിയ, ജോര്‍ജ് മാഗി ദമ്പതികള്‍










Thursday, November 20, 2008

"ചട്ടിബാനയും" കൂജയും മറ്റും...

ജാപ്പനീസ് ഫ്ലവര്‍ അറേന്‍ജുമെന്റ് കലയായ ഇക്ക്ബാനയ്ക്കൊരു എതിരാളി ..."ചട്ടിബാന".


"ദീപം...ദീപം...ദീപം! "



"വെയിലും നിഴലും പൂവും ഇലയും"



"പൂക്കറി "


" ഇനി കുറെ പൂജയ്ക്കെടുക്കാത്ത പൂക്കള്‍"



"കൂജകള്‍"
(ചട്ടി പോലെ തന്നെ മണ്ണ് കൊണ്ടുള്ളതല്ലേ! ഇവിടെ കിടക്കട്ടെ...
പുതിയ തലമുറയ്ക്ക് കൂജയേക്കുറിച്ചു വല്ലതും അറിയാമോ ആവോ? )

(എല്ലാം ഡോക്ടര്‍ നസീറിന്റെ ഫോട്ടോകള്‍)


Saturday, November 15, 2008

ചില ബഹറിന്‍ സിലൊവെറ്റ് ചിത്രങ്ങളും...മറ്റുള്ളവയും...

ബൂലോകര്‍ക്കായി ഇതാ ഡോക്ടര്‍ നസീറിന്റെ സിലൊവെറ്റ് (Silhouette) പരീക്ഷണങ്ങള്‍!





"ഉണരുണരൂ...!"

ബഹറിന്‍ മരുഭൂമിയില്‍ ഒരു പ്രഭാതം.





"അത്യുന്നതങ്ങളില്‍ ..."


" ഉദയമായി.... "



"കൌസല്യാ സുപ്രജാ രാമാ, പൂര്‍വ സന്ധ്യാ..."

"ഉദയഗിരി ചുവന്നു...ഭാനുബിംബം വിളങ്ങി..."



"പ്രഭാതം പൊട്ടി വിടരുന്നു ...!!!"



"മരുഭൂമി കണ്ടു മടുത്തോ? എങ്കില്‍ ഇനി ഒരരുവിയും വെള്ളച്ചാട്ടവുമാവാം അല്ലെ?" അല്പം കോണ്ട്രാസ്റ്റ്!
മൂലമറ്റത്തിനടുത്തുള്ള ഒരു ജലപാതം.

"ഇനി അല്‍പ്പം കോടമഞ്ഞ്‌ ..."
വാഗമണ്‍



"ഇനി ഒരു കടലും തിരയും ..."
പാപനാശം

(എല്ലാം ഡോക്ടര്‍ നസീര്‍ എടുത്ത ചിത്രങ്ങള്‍ )

Thursday, November 13, 2008

പഴപ്പടങ്ങള്‍!

ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും കൂടുതല്‍ പഴങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമെന്നത് പുതിയ അറിവായിരുന്നു. ഇതാ കുറെ പഴങ്ങള്‍!




മംഗോസ്റ്റീന്‍ (Mangosteen-Garcinia mangostana)


സമര്‍പ്പണം: മുറ്റത്തെ മംഗോസ്റ്റീന്‍ മരത്തണലില്‍ ചാരുകസേരയില്‍ ഇരുന്നു എഴുതി മലയാളികളെ രസിപ്പിച്ച ആ മഹാനായ കഥാകാരന്‍ ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന് .




ആനയിലുമ്പി (സ്റ്റാര്‍ ഫ്രൂട്ട് -Averrhoa Carambola)



സമര്‍പ്പണം: ഇലുമ്പിയുടെ ഗുണങ്ങള്‍ ബൂലോകര്‍ക്ക് പങ്കു വച്ച "ഇല്ലനക്കരിക്കും" (എവിടെ പോയോ എന്തോ?) "ദേവനും".





റമ്പുട്ടാന്‍ (Rambutan - Nephelium lappaceum)


സമര്‍പ്പണം : എല്ലാ ബൂലോകര്‍ക്കുമായി!




(എല്ലാം ഡോക്ടര്‍ നസീറിന്റെ ഫോട്ടോകള്‍)

Wednesday, November 12, 2008

ഹിമവാന്റെ നാട്ടില്‍!

ഡോക്ടര്‍ നസീറിന്റെ നേപ്പാള്‍ യാത്രയില്‍ നിന്ന് ...


"രംഗപടം : ആര്‍ട്ടിസ്റ്റ് ഹിമവാന്‍"


"നിറമുള്ള രക്ഷകള്‍ "




"തമസോ മാ ജ്യോതിര്‍ ഗമയ "



"ബുദ്ധനും കൂട്ടുകാരും"


"ഗണേശ പൂജ"







"വിടവില്ലാത്ത തലമുറകള്‍"



"കാത്തിരിപ്പ്‌"


"കൂലംകഷമായ ഒരു ചര്ച്ച"



"നേപാളി കരവിരുത്"



" കനക സിംഹാസനത്തില്‍ ...കയറി ഇരിക്കുന്നവന്‍..."


"ഗസല്‍-നേപ്പാളി ശൈലി"



"സൊറ..."


"പയ്യന്‍-ബാലവേല"



"മാര്‍ക്കറ്റ്"




"മണിമാരന്‍ - വലിയ മണിയും ചെറിയ മനുഷ്യനും!"


"എരപ്പാളിയായ ഒരു നേപ്പാളി "




"ഒരു ബുദ്ധ വിഹാരം"

(എല്ലാം ഡോക്ടര്‍ നസീറിന്റെ ഫോട്ടോഗ്രാഫി)