പുഴയോരത്തെ പുൽത്തകിടിയിൽ കാറ്റേറ്റ് അങ്ങനെ കിടക്കാൻ എന്തു സുഖം! പുല്ലിൽ വിരിച്ച തോർത്തിലൂടെ പുല്ല്ലിന്റെ നനവ് ദേഹത്തേയ്ക്ക് അരിച്ചു കയറുന്നു. കൂട്ടുകാരെല്ലാം പോയിക്കഴിഞ്ഞിരുന്നു. നിരഞ്ജൻ ഒറ്റയ്ക്കായി. ഒരു തണുത്ത കാറ്റ് ഇലകളെ തഴുകി ഈറൻ വിരിച്ച് കടന്നു പോയി. പണ്ടൊരു വെക്കെഷനിലെ പുഴയോരത്തെ കൂടൽ അയാൾ ഓർത്തു. വൈദ്യരായിരുന്നു മുഖ്യ താരം! വോഡ്ക കരിക്കിനകത്ത് ഒഴിച്ച് കപ്പയും മീനും കൂട്ടി കഴിച്ചായിരുന്നു ആഘോഷം! ഇപ്പോൾ വൈദ്യരില്ല. പെട്ടന്നായിരുന്നു മരണം! എത്ര പെട്ടെന്നായിരുന്നു താൻ വൈദ്യരെ മറന്നത്! നിരഞ്ജനോർത്തു. അന്ന് കഥ പറയുമ്പോൾ സിനിമ കണ്ടപ്പോൾ അതിലെ സലിം കുമാറിന്റെ കവിയെ കണ്ടപ്പോളാണു നിരഞ്ജൻ താനൊരിക്കലും മറക്കരുതാത്ത വൈദ്യരെ വീണ്ടും ഓർത്തത്! പോസ്റ്റ് ഗ്രാജുവേഷനു അകലെയുള്ള മെഡിക്കൽ കോളേജിൽ പഠിക്കാൻ പോയതോടെ നിരഞ്ജന്റെ നാടുമായുള്ള ബന്ധം കുറഞ്ഞിരുന്നു!
വൈദ്യരെ എന്നായിരുന്നു ആദ്യം കണ്ടത്? അയാളോർക്കാൻ ശ്രമിച്ചു! ഓർമ്മയ്ക്കാൻ കഴിയുന്നില്ല. ഹൈസ്കൂളിൽ പഠിച്ചിരുന്ന സമയത്ത് വീടിനു മുൻപിലൂടെ നീണ്ട ഷർട്ടിട്ട് മുണ്ടിന്റെ ഒരറ്റം കക്ഷത്തിൽ വച്ച്, മേൽമുണ്ട് തോളിലിട്ട് ഒരൽപ്പം മുന്നോട്ടാഞ്ഞ് അതിവേഗം നടന്നു പോകുന്ന ആ ആറടിയിലധികം പൊക്കമുള്ള അറുപതുകാരനെ ഒരിക്കൽ കാണുന്നവർ പിന്നെ മറക്കില്ല! വെറ്റിലക്കറ പുരണ്ട പല്ലുകൾ കാട്ടി ഹ..ഹൊ..ഹാ എന്ന കോഴി കൊക്കുന്നപോലുള്ള റ്റ്രേഡ്മാർക്ക് ചിരിയും ആരുടേയും ഓർമ്മയിൽ തങ്ങി നിൽക്കുമായിരുന്നു!
ഹൌസ് സർജൻസി സമയത്താണ് നിരഞ്ജൻ വൈദ്യരെപ്പറ്റി കൂടുതൽ അറിഞ്ഞത്. ഡേവിസ്. കെ. ജോർജ്ജ് (ഒരു ചെറു പയ്യനെന്നേ പേരു കേട്ടാൽ തോന്നൂ!) എന്നാണ് വൈദ്യരുടെ ശരിപ്പേരെന്നും മൃഗവൈദ്യത്തിലെ പാണ്ഡിത്യമാണു വൈദ്യരെന്ന ആ ഇരട്ടപ്പേരു വരാനുള്ള കാരണമെന്നുമൊക്കെ അറിഞ്ഞത് അക്കാലത്താണ്. അക്കാലത്ത് നിരഞ്ജന്റെ വീടിനടുത്തുള്ള “സിറ്റി”യിൽ വൈദ്യർ ഒരു മൊബൈൽ (പേരിനു നാലു ചക്രമുണ്ടെന്നല്ലാതെ നീങ്ങുകയില്ല!) മുറുക്കാൻ കട തുടങ്ങിയിരുന്നു. പോലീസ് സ്റ്റേഷനും ഒന്നു രണ്ടു ബാങ്കുകളും കുറെ കടകളുമുള്ള സിറ്റിയിൽ നാലു ചക്രമുള്ള ഒരു 6 അടി X 4 അടി സൈസിലുള്ള ചെറിയ കട. അഞ്ചാറു മിഠായി ഭരണികൾ, സിഗരറ്റ്, ബീഡി, മുറുക്കാൻ, നാരങ്ങാവെള്ളം, മാ വാരികകൾ ഇത്യാദി സാധനങ്ങൾ മാത്രമാണുണ്ടായിരുന്നത്. പക്ഷേ കടയുടെ മുൻപിൽ തന്നെ വച്ചിരുന്ന ചെറിയ ബോർഡിൽ ഇങ്ങനെ എഴുതിയിരുന്നു “മംഗളപത്രങ്ങൾ, പരാതികൾ, ആപ്ലിക്കേഷനുകൾ, എഴുത്തുകുത്തുകൾ, ഉപദേശങ്ങൾ, മൃഗവൈദ്യം എന്നിവയ്ക്ക് മടികൂടാതെ സമീപിക്കുക : ഡേവിസ് കെ. ജോർജ്ജ്!”
മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ ചീട്ടുകളിയിൽ കിട്ടുന്ന പൈസായെല്ലാം നിരഞ്ജൻ നേരെ കൊണ്ടുവന്ന് വൈദ്യരുടെ കടയിൽ ഡിപ്പോസിറ്റ് ചെയ്യുമായിരുന്നു അന്നൊക്കെ. (ഹോസറ്റലിലേയും നാട്ടിലേയും കാശുവെച്ചുള്ള ഫ്ലാഷ്, കീച്ച്, റമ്മി, ഗുണ്ട് കളികളിൽ അഗ്രഗണ്യനായിരുന്നു നിരഞ്ജൻ!) പിന്നെ സിഗരറ്റ്, നാരങ്ങാവെള്ളം, സോഡാ എന്നിവയെല്ലാം ആ പൈസയിലായിരുന്നു വാങ്ങിയിരുന്നത്. (എന്തിനു മെഡിക്കൽ കോളേജുകാർ ഏതോവനപ്രദേശത്ത് ആദിവാസി കോളനിയിൽ മെഡിക്കൽ ക്യാമ്പു നടത്തിയപ്പോൾ ആദിവാസി മൂപ്പനു വൈറ്റമിൻ ഗുളിക നൽകി പകരം കിട്ടിയ സമ്മാനമായ ഒന്നാന്തരം നീലച്ചടയൻ കഞ്ചാവും സൂക്ഷിക്കാൻ നിരഞ്ജൻ ഏൽപ്പിച്ചത് വൈദ്യന്റെയടുത്തായിരുന്നു!) അങ്ങനെയുള്ള വിസിറ്റുകളിലാണു വൈദ്യരുടെ കവിതാരചനാ വൈഭവമൊക്കെ നിരഞ്ജനു മനസ്സിലായത്. സംസ്കൃതം കുറെയൊക്കെയും മാതംഗലീലയും ഹസ്തായൂർവേദവുമൊക്കെ പകുതി വരെയും പഠിച്ചിട്ടൂണ്ടെന്ന് വൈദ്യർ അവകാശപ്പെടുമായിരുന്നു. നോർത്ത് ഇൻഡ്യയിൽ മാത്രമുള്ള ഏതോ ഒരു പാർട്ടിയുടെ കേരളാഘടകത്തിന്റെ വലിയ കുണാണ്ടർ കൂടിയായിരുന്നു ആ മഹാൻ! (സലിം കുമാറിന്റെ കവി നാട്ടിൽ തിരിച്ചുവന്നതു പോലെ വൈദ്യർ നോർത്ത് ഇൻഡ്യൻ പാർട്ടി സമ്മേളനത്തിൽ പോയി മലയാളം കവിതയും അവതരിപ്പിച്ച് കുർത്തായൊക്കെ ഇട്ട് തിരിച്ചു വന്നത് അയാൾ ഓർത്തു പോയി!) വൈദ്യരുടെ മുഖ്യവരുമാനം പരാതികൾ എഴുതുന്നതിൽ നിന്നു കിട്ടുന്ന ചെറിയ തുകകളായിരുന്നു. പോലീസ് സ്റ്റേഷനടുത്തായിരുന്നതിനാൽ മിക്കവാറും പരാതിക്കാർ വൈദ്യരെക്കൊണ്ടായിരുന്നു എഴുതിക്കുക. കൂടാതെ തൊട്ടടുത്തുള്ള ബാങ്കുകളിലെ ലോണപേക്ഷകളും മറ്റും പൂരിപ്പിക്കുക അത്യാവശ്യം ചില വീടുകളിലെ മൃഗചികിത്സ പിന്നെ മുറുക്കാൻ കടയിൽ നിന്നു കിട്ടുന്ന തുച്ഛമായ വരുമാനം എന്നിവയൊക്കെയായി വൈദ്യർ ഒരു വിധം തട്ടിമുട്ടി കഴിഞ്ഞ് പോകുമായിരുന്നു!
വൈദ്യരുടെ പരാതി എഴുത്തുകൾ നിരഞ്ജന്റെ നാട്ടിൽ മാത്രമല്ല പല ദേശങ്ങളിൽ തന്നെ ചർച്ചാവിഷയമായവയായിരുന്നു! നാട്ടിലെ ചിട്ടിക്കാരൻ പങ്കജാക്ഷനു വൈദ്യരെഴുതിക്കൊടുത്ത പരാതി ലോകപ്രസിദ്ധവുമാണ്. പങ്കജാക്ഷൻ പതിവു സന്ധ്യാമദ്യപാനവും കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിക്ക് ആരോ പണം തട്ടിപ്പറിച്ച സംഭവം വൈദ്യർ പരാതിയാക്കിയതിപ്രകാരമായിരുന്നു:-
വട്ടപ്പറമ്പിൽ പപ്പനാവൻ മകൻ പങ്കജാക്ഷൻ എന്ന ഞാൻ, സർക്കാരിന്റെ ഉടമസ്ഥതയിലുള്ള വിദേശമദ്യശാലയിൽ നിന്നും ‘നിന്ന് മദ്യപിച്ച്‘ മദോന്മത്താനായി, പഞ്ചായത്തിന്റെ അതിർത്തിയിലുള്ള തേക്കിൻ തോട്ടത്തിലൂടെ, കുന്നിൻചരിവിലുള്ള എന്റെ വീട്ടിലേക്ക് സന്ധ്യാസമയത്ത് മന്ദം മന്ദം ഗമിക്കുമ്പോൾ, കണ്ടാലറിയാവുന്നവരും എന്നാൽ നേരിൽ പരിചയമില്ലാത്തതുമായ ഏതാനം കാപാലികന്മാർ എന്നെ കടന്നു പിടിക്കുകയും അടിക്കുകയും ഇടിക്കുകയും തൊഴിക്കുകയും മർദ്ദിക്കുകയും, അലഭ്യം പറയുകയും പുലഭ്യം പുലമ്പുകയും ശകാരവർഷം ചൊരിയുകയും ചെയ്തു! ഇതൊക്കെ ചെയ്യുമ്പോഴും “അരുതേ! അരുതേ! സോദരന്മാരേ!” എന്നു വിലപിക്കാൻ മാത്രമേ എനിക്കായുള്ളൂ! അതിനു ശേഷം ആ കിങ്കരന്മാർ എന്റെ കയ്യിലുണ്ടായിരുന്ന ആയിരം രൂപയും അതിനോടടുത്ത ചില്ലറയും തട്ടിയെടുത്ത് കടന്നു കളയുകയാണുണ്ടായത്. അയ്യോ! അയ്യോ! എന്ന് ആർത്തനാദം പുറപ്പെടുവിച്ച് , എന്റെ മസ്തകത്തിൽ സ്വകരങ്ങളാൽ താഢനങ്ങളുമേൽപ്പിച്ച് ഞാൻ നിലത്തിരുന്നു പോയി!.....
ഇത്രയും വായിച്ചപ്പോൾ തന്നെ കിങ്ങ്കോങ്ങിന്റെ രൂപവും കുയിലിന്റെ ഇളം ശബ്ദവുമുള്ള (കാട്ടാളൻ എന്ന അപരനാമഥേയത്തിൽ കുപ്രസിദ്ധനായ) ഗൌരവക്കാരൻ എസ് ഐ.മർക്കോസ് ചിരിച്ചുപോയി. പൊട്ടിവന്ന ചിരി നാക്കു കൊണ്ട് ഒന്ന് നനച്ച് വിഴുങ്ങിയതിനു ശേഷം ഗൌരവം നടിച്ച് കുയിൽനാദത്തിൽ പങ്കജാക്ഷനോട് ചോദ്യമുതിർത്തു;
“എന്തോന്നാടാ ചെറ്റേ ഈ എഴുതി വച്ചിരിക്കുന്നത്? ആയിരം രൂഭായും അതിനോടടുത്ത ചില്ലറയും! ഹ്ഹ്ഹും! നീയെന്താടാ എരപ്പേ, ചാക്കിനാത്തായിരുന്നോ ചില്ലറ കൊണ്ടുപോയത്? @#$%^&*()്!!” പങ്കജാക്ഷൻ തിരികെ വന്ന് വൈദ്യരെ മുതലും പലിശയും ചേർത്ത് ചീത്തവിളിച്ചു സമാധാനിച്ചുവത്രെ!
കോഴ്സ് കഴിഞ്ഞ് നാട്ടിലെത്തിക്കഴിഞ്ഞപ്പോൾ വൈദ്യരുടെ കടയുടെ മുൻപിലായിരുന്നു നിരഞ്ജനും നാട്ടിൻപുറത്തെ മറ്റു സുഹൃത്തുക്കളും വൈകുന്നേരങ്ങളിൽ ഒത്തു കൂടിയിരുന്നത്. എവിടെ പോയാലും മദ്യപാനസദസ്സുകളിൽ നിന്നു അൽപ്പം മദ്യം ഒരു കുപ്പിയിൽ വൈദ്യർക്കായി ആരെങ്കിലും എടുക്കുമായിരുന്നു! വൈദ്യരുടെ കടയുടെ മുൻപിൽ ബൈക്കുകൾ നിർത്തി ഇറങ്ങുമ്പോൾ തന്നെ
“ഗരുഡൻ തന്നുടെ ചുണ്ടിനെ വെല്ലും
വൈദ്യർ തന്നുടെ മൂക്കു വിടർത്തി”
ഓരോരുത്തരുടേയും അടുത്തു വന്ന് മണത്തു നോക്കും. എന്നിട്ട് “നിങ്ങളെല്ലാം നന്നായി അകത്താക്കിയിട്ടുണ്ട് അല്ലേ ചുള്ളന്മാരേ? എട് എട്! കുപ്പി എട്! ഞാനൊന്നു താദാത്മ്യം പ്രാപിക്കട്ടെ!” എന്നു പറഞ്ഞ് കുപ്പി തട്ടിപ്പറിച്ച് വായിലേക്ക് കമഴ്ത്തുമായിരുന്നു!
കൂട്ടത്തിലെ സജീവാംഗമായ ചോലയ്ക്കൽ തോമസ്സിന്റെ കല്യാണത്തിനാണു വൈദ്യരുടെ മംഗളപത്രരചനാവൈഭവം ആദ്യമായി നിരഞ്ജൻ കാണാനിടയായത്. ഒത്തുകല്യാണം കഴിഞ്ഞതു മുതൽ എങ്ങനെ വൈദ്യരേക്കൊണ്ട് ഒരു മംഗളപത്രമെഴുതിച്ച് വായിപ്പിക്കും എന്നതായിരുന്നു കൂട്ടുകാരുടെയെല്ലാം കൂലങ്കഷമായ ഡിസ്കഷൻ. തോമസ്സ് അതിനു അമ്പിനും വില്ലിനും അടുക്കുന്നുണ്ടായിരുന്നില്ല. (വൈദ്യർ നാട്ടുകാരുടെ മുൻപിൽ ഒരു തമാശ കഥാപാത്രമായിരുന്നതായിരിക്കാം കാരണം. പോരാത്തതിനു വൈദ്യർ തോമസ്സിനോട് പലതവണ കയ്വായ്പയായി പൈസ മേടിച്ചിരുന്നു. ഒരു തവണ 300 രൂപാ പലതവണ ചോദിച്ചിട്ടും അതിനു മുൻപ് കൊടുത്ത പൈസാ തിരിച്ചു കിട്ടാത്തതിനാൽ തോമസ്സ് “അടുത്തദിവസം തരാം, ഇപ്പോൾ കയ്യിലില്ല!” എന്നിങ്ങനെ ഓരോ ഒഴിവു കഴിവുകൾ പറഞ്ഞിരുന്നു. വാറ്റുചാരായം നിലതെറ്റിച്ച ഒരു ഉച്ചനേരം വൈദ്യർ ഒരു പോസ്റ്റ് കാർഡെടുത്ത് “പ്രിയ മിത്രം തോമ്മാസ്സ് അറിയുന്നതിനു, താങ്കൾ തരാമെന്ന് വാഗ്ദാനം ചെയ്ത തുക ഇതു വരെ എനിക്ക് കരഗതമായിട്ടില്ല എന്ന വിവരം വ്യസനസമേതം അറിയിക്കട്ടെ! അതിനേക്കുറിച്ചാലോചിക്കുമ്പോളൂള്ള എന്റെ വിഷമം താങ്കൾക്ക് മനസ്സിലാകുമല്ലോ? ആയതിനാൽ താങ്കളുടെ താൽപ്പര്യം ഈ വിഷയത്തിൽ പൂർവ്വധികം ശക്തിയിൽ ചെലുത്തി വാഗ്ദത്ത തുക എത്തിച്ചുതരണമെന്ന് താൽപ്പര്യപ്പെടുന്നു! ഒരുത്തനു ഉപയോഗം ഉണ്ടാവുന്ന സമയത്ത് കടം കൊടൂത്തുസഹായിക്കാനുള്ള മനസ്ഥിതിയില്ലെങ്കിൽ പിന്നെ പണം കയ്യിലുണ്ടെന്നു പറഞ്ഞിട്ട് എന്താഹേ കാര്യം?! എന്ന് എഴുതി പോസ്റ്റു ചെയ്തു! ആ കാർഡ് പോസ്റ്റ്മാൻ കൊടുത്തത് തോമസ്സിന്റെ അമ്മ മേരിച്ചേടത്തിയുടെ കയ്യിലായിരുന്നു! അഭിമാനിയായ അവർ ഉടൻ തന്നെ ഒരു പണിക്കാരന്റെ കയ്യിൽ 500 രൂപാ വൈദ്യനു കൊടുത്തുവിട്ടു! തോമസ്സിനു അത് ഭയങ്കര വിഷമുണ്ടാക്കി! അതിന്റെ ഒരു ദേഷ്യവും വൈദ്യരോട് മനസ്സിലുണ്ടായിരുന്നിരിക്കണം!).
കല്യാണത്തലേന്ന് രാത്രി, പന്തലിൽ സദ്യക്കുള്ള ഒരുക്കങ്ങൾ എല്ലാം കഴിഞ്ഞ് പയ്യന്മാർ ഗുണ്ട്. സപ്പോർട്ട്, ലേലം, കീച്ച്, ഫ്ലാഷ്, ബാങ്ക്, പന്നിമലർത്ത് എന്നീ ചീട്ടുകളികളിൽ(എന്തിന് കിലുക്കിക്കുത്ത് വരെ ഉണ്ടായിരുന്നു) മുഴുകിയിരുന്നപ്പോൾ നിരഞ്ജനും സുഹൃത്തുക്കളും വൈദ്യർക്ക് സമയാസമയം കുപ്പിയിൽ നിന്ന് ഊറ്റിക്കൊടുത്ത് മംഗളപത്രമെഴുതിക്കുകയായിരുന്നു!
ഏതായാലും കല്യാണം കഴിഞ്ഞ് വധുവും വരനും മധുരം വയ്പ്പ് നടത്തിക്കഴിഞ്ഞപ്പോഴേയ്ക്കും വൈദ്യരുടെ ഒരു ഫാനായ തോമസ്സിന്റെ അളിയൻ സ്റ്റേജിൽ കയറി അനൌൺസ് ചെയ്തു “അടുത്തതായി മംഗളപത്ര പാരായണം! എഴുതി അവതരിപ്പിക്കുന്നത് വൈദ്യരത്നം ഡേവിസ് കെ. ജോർജ്ജ്!” പറഞ്ഞുതീർന്നതും തോമസ് സിംഹാസനത്തിലിരുന്ന് കണ്ണുരുട്ടി തല കൊണ്ട് അരുത് അരുത്! എന്ന് ആംഗ്യം കാട്ടാൻ തുടങ്ങി. നിരഞ്ജനും കൂട്ടുകാരും “ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ!“ എന്ന മട്ടിൽ ഐ കോണ്ടാക്റ്റ് കൊടുക്കാതെ നിന്നു!
വൈദ്യർ തന്റെ തോട്ടിപോലത്തെ കാലുകൾ ഒടിച്ച്പൊക്കി വേദിയിൽ കയറി, മേൽമുണ്ടൊന്നു കുടഞ്ഞ് വീണ്ടും തോളിലിട്ട്, മൈക്രോഫോണിനെ ഒന്ന് ഇളക്കി പ്രതിഷ്ഠിച്ച്, മൂരി മുക്രയിടുന്നതു പോലെ മുരടനക്കി. അതിനു ശേഷം പോക്കറ്റിൽ മടക്കി സൂക്ഷിച്ചിരുന്ന ആ മംഗളപത്രം എടുത്ത് പാരായണം തുടങ്ങി...!
“കണ്ണാൽ കണ്ടിടുന്നല്ലോ മംഗലം
വിണ്ണവർ ചേരും സദ്മുഹൂർത്തം
*ഷാന്റീ തോമസ്സുദമ്പതിമാരിവർ
ചാലേ ചേരുന്ന പൊന്മുഹൂർത്തം!
*ചോലയ്ക്കൽ വന്നു *കൊടുങ്കല്ലേൽ നിന്നും
ആലോലമാടട്ടെ ദമ്പതിമാർ!
*മേരിക്കുട്ടിക്കിന്ന് ജന്മം സഫലമായ്
ഷാന്റിമോൾ ആശകൾ പൂവിരിക്കും
.................................................
.................................................
* ഷാന്റി-മണവാട്ടിയുടെ പേർ
*ചോലയ്ക്കൽ-മണവാളന്റെ വീട്ടുപേർ
*കൊടുങ്കല്ലേൽ-മണവാട്ടിയുടെ വീട്ടുപേർ
*മേരിക്കുട്ടി- തോമസിന്റെ അമ്മ.
അങ്ങിനെ തുടങ്ങി ഒരു അരമണിക്കൂർ നീളുന്ന കവിത! കവിതയ്ക്കിടയിൽ തനിക്കേറ്റവും കൂടുതൽ മദ്യമൊഴിച്ചു തന്നവരുടെ പേര് കൂടുതൽ തവണ ആവർത്തിക്കാനും വൈദ്യർ മറന്നില്ല! (കല്യാണച്ചടങ്ങ് കഴിഞ്ഞ ഉടനേതന്നെ തോമസ്സ് ഇറങ്ങിവന്ന് നിരഞ്ജനും കൂട്ടുകാർക്കും ഒരു കുട്ടകംനിറയെ തെറി സമ്മാനം നൽകി, വൈദ്യർക്കും കിട്ടി കുറേ!).
ഊത്ത, തവളപിടുത്ത (ജൂൺ/ജൂലൈ) സീസണിലാണ് നിരഞ്ജന്റെയും കൂട്ടുകാരുടേയും സപ്പർ സർക്കീട്ട് സംഘം ആക്റ്റീവായിരുന്നത്! രാത്രിഭക്ഷണം ഒരു വിധം കഴിച്ചു എന്നു വരുത്തി, “ഊത്തപിടിക്കാൻ പോകുന്നു...” എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് എല്ലാവനും റ്റോർച്ചും വലയും ഒക്കെയായി ബൈക്കിൽ പുറപ്പെടും. വൈദ്യർ നേരത്തേ തന്നെ വാറ്റു ചാരായം വാങ്ങി കരുതിയിരിക്കും. പിന്നെ മുറുക്കാൻ കടയിൽ നിന്ന് നാരങ്ങായും ഉപ്പും പച്ചമുളകും സോഡായുമൊക്കെ ചേർത്ത് നിരഞ്ജൻ കൂട്ടുകാരെല്ലാം ചേർന്ന് വാറ്റ് അകത്താക്കും. ബാക്കി സാധനം കന്നാസിൽ എടുത്ത് മറ്റ് അനുസാരികളുമായി പിന്നീട് പുഴവക്കിലോ തോട്ടിറമ്പിലോ പാടത്തിന്റെ കരയിലോ വച്ചുള്ള മത്സ്യബന്ധന ഇടവേളകൾ ആനന്ദദായകമാക്കാൻ ഉപയോഗിക്കുമായിരുന്നു! മേമ്പൊടിയായി ചിലർക്ക് നീലച്ചടയനും!
അങ്ങനെയുള്ള ഇടവേളകളിലായിരുന്നു നിരഞ്ജനും കൂട്ടുകാരും വൈദ്യരോടൊപ്പം ആഘോഷിച്ചിരുന്നത്! തവളപിടുത്തത്തിലും മീൻപിടുത്തതിലും നായാട്ടിലുമെല്ലാം ഇടത്താവളമായിരുന്നത് കൂട്ടത്തിലൊരാളുടെ ആൾതാമസമില്ലാത്ത ഫാം ഹൌസായിരുന്നു. (പാം ഹൌസ് എന്നു പറയുന്നതായിരിക്കും ആപ്റ്റ്! പുഴ്യ്ക്കും പാടത്തിനും നടുവിലായി ഓലമേഞ്ഞ, ഒരു അടുക്കള അറ്റാച്ച്ഡ് വൺ റൂം കുടിൽ! ഒരു മണ്ണെണ്ണ സ്റ്റൌവും കുറച്ച് മസാലപ്പൊടികളും ഒരു മൺകലവും അഞ്ചാറു പാചകത്തിനുള്ള പാത്രങ്ങളും കുറച്ച് പ്ലേറ്റും ഗ്ലാസ്സുകളും മാത്രമുള്ള ഒരു ഇടത്താവളം. നിരഞ്ജനും കൂട്ടുകാരും കുക്കിങ്ങിൽ പ്രാവീണ്യം നേടിയത് അവിടെ വച്ചുണ്ടാക്കിയ തവളക്കാൽ റോസ്റ്റ്, മീൻപൊരിച്ചത്, കാട്ടുമുയൽ വറുത്തത് എന്നിവയിലൂടെയാണ്! )
സ്വന്തം കവിതകൾ കൂടാതെ കുറത്തിയും പൂതപ്പാട്ടും രാവണപുത്രിയും നാറാണത്തുഭ്രാന്തനുമെല്ലാം വൈദ്യരവതരിപ്പിച്ചിരുന്നു. കൂടാതെ മറ്റുള്ളവരുടെ നേതൃത്വത്തിൽ അരങ്ങേറിയിരുന്ന തെറിപ്പട്ട്, ചൊറിച്ചുമല്ലൽ, ഓട്ടന്തുള്ളൽ എന്നിവയിലും നല്ല വൈദ്യരുടെ സജീവസഹകരണമുണ്ടായിരുന്നു. എന്തിനു‘കവാഡ് ഓഫ് ദ കൌണ്ടിയും’ ‘ബോൺ ഇൻ ദ യൂ എസ് ഏയും’ ‘ബഫലോ സോൾജറും‘ ‘ഹോട്ടൽ കാലിഫോർണിയായും‘ ‘കണ്ട്രിറോഡ്സ് റ്റേക്ക് മി ഹോം’ ഉം ‘വാമും’ ‘ഡയർ സ്റ്റ്രേയ്റ്റ്സും’ ഒക്കെ പിള്ളേർ വച്ചലക്കുമ്പോൾ അർത്ഥമൊന്നുമറിയാതെ ചുമ്മാ കൂടെ ചാടിത്തുള്ളാനും സഹൃദയനായ വൈദ്യർ മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു! മഴക്കാലത്ത് പിടിച്ചുകൊണ്ടു വന്ന തവളകളെ പാം ഹൌസിലെ കിണറ്റിൻ കരയിൽ മരക്കുറ്റിയിൽ പിങ്കാലുകൾ ചേർത്ത് പിടിച്ച് വച്ച് ഒറ്റവെട്ടിനു കാലുകൾ മുറിച്ചെടുക്കുന്ന ദയനീയരംഗം ഒറ്റത്തവണയേ വൈദ്യർ നോക്കിയിട്ടുള്ളൂ! അത് കണ്ട അന്നത്തെ സുരപാനത്തിനു ശേഷം വൈദ്യർ തവളക്കാൽ കടിച്ചുപറിച്ചുകൊണ്ട്, ഹൃദയവേദനയോടെ ഇങ്ങനെ തന്റെ വിലാപകാവ്യം പാടി അവതരിപ്പിച്ചു:-
“കാലുകൾ പോയോരു തവളേ നിന്നെ നിൻ-
കാൽ കഴിക്കുമ്പോളാരോർത്തിടുന്നു ഹാ!”
(ചെലപ്പോൾ...തുടരും...)
12 comments:
ഏതാണ്ട് ഒന്നര വർഷത്തിനു ശേഷം ഈ ബ്ലോഗിൽ ഒരു പോസ്റ്റ്! :)
നന്നായിട്ടുണ്ട് ..ഒന്ന് ഒതുക്കി ഒതുക്കി എഴുതാമായിരുന്നു ട്ടാ ..:-)
പുലീ, എഴുതി അങ്ങനെ വല്യ പരിചയമില്ല! എഴുതി വരുമ്പോൾ കാടുകയറൽ പതിവാണ്! അഭിപ്രായം അറിയിച്ചതിൽ വളരെ സന്തോഷം! :)
കൊള്ളാം...നന്നായിട്ടുണ്ട്
തിരിച്ച് വരവിനു ഹ്രദ്യമായ സ്വാഗതം..
നന്നേ രസിച്ചു കേട്ടോ......സസ്നേഹം
കമ്പർ, ഒരു യാത്രികൻ..സന്തോഷമായി! :)
വൈദ്യര് കൊള്ളാമല്ലോ.:)
കി കി കി!
ഉം ...........ഇപ്പോ ഇത്രയും ബാക്കി പിന്നെ
kambar, Venu & Monsoon :))
ബ്ലോഗിലെ സ്റാര്ഉം, സര്‍വോപരി സന്ദരനുമായ ഞാന്‍ ബ്ലോഗുകള്‍ വായിച്ചു വഴി മന്ദം മന്ദം മദോന്മത്താനായി, ഗമിയ്ക്കുമ്പോള്‍ കണ്ട ഈ പോസ്റ്റ് വളരെ ഉത്തമം എന്ന് പറയാതെ ഇരിയ്ക്കാന്‍ വയ്യാ. ഇതിലെ ചില ഭാഗങ്ങള്‍ വായിച്ചു, “അരുതേ! അരുതേ! സോദര/സോദരി, എന്നില്‍ ഹാസം വരുത്തരുതേ...അരുതേ, ഓഫീസില്‍ ആണ്.." എന്ന് കേഴ്ന്നു നോക്കി. എന്നുടെ വിലാപം, ബധിരകാര്ണങ്ങളില് ആണ് വീണത് എന്ന് ഇവിടെ പ്രതേക പ്രസ്ഥാവയോ ഗ്യം ആണ്. ഹ..ഹ..ഹ..ഹ...പണ്ടാരം..എന്ന ആര്‍ത്തനാദം മുഴക്കുന്നു.
താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ് രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ് തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ് . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി ..എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് )
Post a Comment