Thursday, December 25, 2008

അനോണി ആന്റണിക്കൊരു ക്രിസ്മസ് ടര്‍ക്കി

(ഈ പോസ്റ്റ് വായിക്കുന്നതിനു മുന്‍പ് കോവാലകൃഷ്ണന്‍ പറയുന്നതു പോലെ ഇതും, ഇതും കൂടി വായിക്കുക)

അമേരിക്കയില്‍ വന്നതിനു ശേഷം ഭക്ഷണം കഴിക്കുമ്പോള്‍ സ്ഥിരം മുന്നില്‍ വരുന്ന ഒരു വാക്കാണ്‌ ടര്‍ക്കി. സ്മോക്ഡ് ടര്‍ക്കി ആയും ടര്‍ക്കി സാന്റ്റ്വിച്ചായും താങ്സ് ഗിവിങ്ങിനു ഗ്രില്ല് ചെയ്തും മറ്റും ധാരാളം ടര്‍ക്കി അമേരിക്കയില്‍ വന്നതിനു ശേഷം അകത്താക്കിയിട്ടുണ്ട്‌. എന്നിരുന്നാലും മരുന്നിനു പോലും ഒരു ടര്‍ക്കി ഇവിടെ കണ്ടിട്ടില്ല. ഈ ടര്‍ക്കി എല്ലാം എവിടെയായിരിക്കും എന്ന് പല തവണ ആലോചിച്ചിട്ടുമുണ്ട്!

അങ്ങനെ കഴിഞ്ഞു കൂടുമ്പോളാണ് ഒരു ദിവസം ഹരീഷ് തൊടുപുഴയുടെ ഒരു പോസ്റ്റില്‍ കപ്പയും മത്തി (ചാള) വറുത്തതും കാണുന്നത്. എന്നാല്‍ ഇന്നു മത്തി കഴിച്ചിട്ട് തന്നെ കാര്യം എന്ന് കരുതി രാവിലെ തന്നെ പിള്ളേരെയും പെറുക്കി വാനിലിട്ടു പുറത്തിറങ്ങി. ലോക്കല്‍ മാര്‍ക്കറ്റ് എന്സൈക്ലോപീഡിയ റിപ്പോര്‍ട്ട് ചെയ്തു 5 മൈല്‍ അകലെയുള്ള ഒരു ചൈനീസ് സൂപ്പര്‍ മാര്‍ക്കറ്റില്‍ ഫ്രെഷ് മത്തി അവൈലബിള്‍ എന്ന്. $1.99/പൌണ്ട്. (ഫ്രോസേന്‍ മത്തി കഴിച്ചു, ഇഷ്ടപ്പെടാതെ, മടുത്തത് കൊണ്ടു തല്ക്കാലം മത്തി കഴിക്കുന്നത് നിര്‍ത്തി വച്ചിരിക്കുകയായിരുന്നു!)



പുല്‍ത്തകിടിയില്‍ വിശ്രമിക്കുന്നവര്‍

അങ്ങനെ ആ കൊടും തണുപ്പുള്ള പുലര്‍കാലത്ത്‌ എന്റെ വാന്‍ ചൈനീസ് സൂപ്പെര്‍മാര്ക്കറ്റ് നോക്കി കുതിച്ചു. കുട്ടികള്‍ പുറകിലിരുന്നു WALL-E കാര്‍ട്ടൂണ്‍ DVD കണ്ടു കൊണ്ടിരുന്നു. വാല്‍-ഇ യുടെ ഞരക്കവും മൂളലും കൊണ്ടു വണ്ടി മുഖരിതം! അപ്പോള്‍ പെട്ടെന്ന് പുത്രന്‍ (6 വയസ്സുകാരന്‍) പുറത്തേക്ക് ചൂണ്ടി അലറി "അവിടെ വലിയ കാക്കകള്‍ നില്ക്കുന്നു". ഇവനാര് കുഞ്ഞു സലിം അലിയോ എന്ന് മനസ്സിലോര്‍ത്തു ഞാന്‍ അങ്ങോട്ട് നോക്കിയപ്പോള്‍ കുറെ ടര്‍ക്കി കോഴികള്‍ (?) റോഡിന്റെ മറുവശത്തെ പുല്‍ത്തകിടിയില്‍ ഇരുന്നു വെയില്‍ കായുന്നു. ഏതായാലും അങ്ങനെ അമേരിക്കയില്‍ വന്നിട്ട് ടര്‍ക്കി കാണാന്‍ പറ്റാത്ത വിഷമം തീര്‍ന്നല്ലോ എന്ന് സമാധാനിച്ചു ഡ്രൈവിങ്ങ് ശ്രദ്ധിച്ചപ്പോള്‍ സലിം അലി വീണ്ടും അലറുന്നു! "അവിടെ ഒരു മാന്‍ ചത്തു കിടക്കുന്നു!". ഞാന്‍ റിയര്‍ വ്യൂ മിററില്‍ നോക്കിയപ്പോള്‍ അതാ ഒരു മാന്‍കുട്ടി വഴിയരികില്‍ (വണ്ടിയിടിച്ചായിരിക്കണം) ചത്തു കിടക്കുന്നു. മാന്‍കുട്ടി-ടര്‍ക്കി; ടര്‍ക്കി -മാന്‍കുട്ടി.....ഇല്ലാത്ത തലച്ചോര്‍ വര്‍ക്കു ചെയ്യിക്കാന്‍ ഞാനൊരു ശ്രമം നടത്തി! കഴുകനെക്കുറിച്ചും കോണ്ടുറിനെക്കുറിച്ചും മറ്റുമുള്ള ബ്ലോഗ് പോസ്റ്റുകള്‍ ഓര്‍മയില്‍ ഓടിയെത്തി. മത്തി, കപ്പ, ടര്‍ക്കി, കഴുകന്‍ ഇവയെല്ലാം മനസ്സില്‍ മാറി മറിഞ്ഞു. ഇതിനിടയ്ക്കു ഡ്രൈവിങ്ങും ശ്രദ്ധിക്കണം! എന്റെയൊരു ബുദ്ധിമുട്ട്‌! ഏതായാലും ഇന്നു കപ്പയും മത്തിയും വാങ്ങി തിരിച്ചു വരുമ്പോള്‍ ഇവരുന്ടെന്കില്‍ വണ്ടി നിര്‍ത്തി ഒന്നു നോക്കാം എന്ന് തീരുമാനം ഉറപ്പിച്ചു.


വണ്ടി നിര്‍ത്തിയപ്പോള്‍ അവര്‍ അല്‍പ്പം അകലെ മാറി നിന്നു.

അങ്ങനെ പെട്ടെന്ന് തന്നെ കപ്പയും മത്തിയും മാത്രം വാങ്ങി തിരുമ്പി വരുമ്പോള്‍ ഒരു ടര്‍ക്കി അതാ മാന്‍ കുട്ടിയുടെ അടുത്തെത്തി കൂടെ ഒരു സുഹൃത്ത് കാവലും. വണ്ടി പതുക്കെ ഹാര്‍ഡ് ഷോള്ഡറില്‍ ഒതുക്കി നിര്‍ത്തി വണ്ടിയിലിരുന്നു തന്നെ നിരീക്ഷണം തുടര്‍ന്നു. ടര്‍കികള്‍ ചിറകു വിരിച്ചു പൊക്കിപ്പിടിച്ച് മാന്‍കുട്ടിക്കു ചുറ്റും നടന്നപ്പോള്‍ കുഞ്ഞ് സലിം അലി വീണ്ടും ശബ്ദിച്ചു "ജംഗിള്‍ ബൂകിലെ വള്‍ചറിനെപ്പോലെ ഉണ്ട്". അപ്പോഴാണ്‌ "സംശയമില്ല ഇതു കഴുകന്‍ തന്നെ എന്ന് തോന്നിയത്!" ക്യാമറ കയ്യിലില്ലാത്തതില്‍ വിഷമം തോന്നി അപ്പോഴാണ്‌ കയ്യില്‍ പുതിയ സെല്‍ ഫോണ്‍ "ബ്ലാക്ക്‌ ബെറി സ്റ്റോം" ആണല്ലോ എന്നോര്‍ത്തത്. ( എനിക്ക് ഒട്ടും പൊങ്ങച്ചമില്ല എന്ന് ഇപ്പോള്‍ മനസ്സിലായല്ലോ? DVD ഉള്ള വണ്ടിയും ബ്ലാക്ബെറി സ്റോമും കയ്യിലുണ്ടെന്ന് അറിയിക്കാന്‍ എനിക്ക് ഒരു ഉദ്ദേശവുമില്ലായിരുന്നു! അതൊക്കെ ഇവിടെ സര്‍വ സാധാരണമാണ്.) പിന്നെ പറ്റുന്നത് പോലെയൊക്കെ ക്ലിക്ക് ചെയ്തു. ഓരോ വണ്ടികള്‍ കടന്നു പോകുമ്പോളും അവര്‍ റോഡ് സൈഡില്‍ നിന്നും അല്‍പ്പം അകലേക്ക് മാറി നിന്നിരുന്നു. പത്തു മിനിട്ടോളം അവര്‍ മാന്‍ കുട്ടിയെ കൊത്തിപ്പറിച്ചു. അതിന് ശേഷം പറന്നു പുല്‍ത്തകിടിയില്‍ പോയി വിശ്രമിച്ചു. കൊടും തണുപ്പിനെ അവഗണിച്ച് ഞാന്‍ പുറത്തിറങ്ങി മാന്‍ കുട്ടിയുടെ ദയനീയ രംഗവും പകര്‍ത്തി അവിടെ നിന്നും പോന്നു.

"ഒരുത്തന്‍ പറന്നകന്നു"

വീട്ടിലെത്തി ഉടന്‍ തന്നെ ഈ പ്രത്യേക ടര്‍ക്കി കുട്ടന്മാരെകുറിച്ചു അന്വേഷണം ആരംഭിച്ചു.കഥാനായകന്റെ പേര് ടര്‍ക്കി വള്ചര്‍ (Turkey vulture അല്ലെങ്കില്‍ Cathartes aura). ഞാനാദ്യമായിട്ടു കാണുകയാണെങ്കിലും ഇവര്‍ അമേരിക്കയില്‍ ധാരളമുണ്ടത്രേ! ഗൂഗിളില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ കിട്ടിയ കുറെ വിവരങ്ങള്‍ നിങ്ങള്‍ക്കായി പങ്കു വയ്ക്കുന്നു! ടര്‍ക്കി വള്ചര്‍ ഏതാണ്ട് മൂന്നു നാലു കിലോ തൂക്കമുള്ള, 3 അടിയോളം നീളമുള്ള ( ആറടിയോളം വിന്ഗ് സ്പാന്‍ ഉള്ള) ചുവന്ന തലയുള്ള ഒരു തരം വള്ചര്‍ ആണ്. തലയുടെ കളറും ചുണ്ടും ടര്‍ക്കി കോഴിയെ അനുസ്മരിപ്പിക്കുന്നു. കറുപ്പിനോടടുത്ത ബ്രൌണ്‍ കളറാണ് തൂവലിന്. ചുണ്ടിനു ഐവറി കളര്‍. (ഇതൊക്കെ കാണണമെങ്കില്‍ ഞാനെടുത്ത ചിത്രം പോരാ. ഈ ചിത്രം നോക്കുക.) മറ്റു കഴുകന്മാരെപ്പോലെ ഇവരും കഷണ്ടിതലയന്മാരാണ്. മൃത ശരീരങ്ങള്‍ തന്നെയാണ് ഇവര്‍ക്കും പഥ്യം. (ശവശരീരത്തില്‍ നിന്ന്, തല ഉള്ളില്‍ കടത്തി, ഭക്ഷിക്കുമ്പോള്‍ തലയില്‍ തൂവലില്ലതിരിക്കുന്നതാണ് അവിടെ അവശിഷ്ടങ്ങള്‍ പറ്റിപ്പിടിക്കതിരിക്കാന്‍ ഉത്തമം!) ഇരയെ ഇവ സാധാരണയായി ആക്രമിച്ചു കൊല്ലാറില്ല. അസാമാന്യ ഘ്രാണ ശക്തിയുള്ള ഇക്കൂട്ടര്‍ മണം പിടിക്കുന്നതില്‍ മറ്റു കഴുകന്മാരെക്കാള്‍ മൂന്നിരട്ടി മുന്‍പിലാണ്. ഇവരുടെ കാഴ്ച ശക്തിയും അപാരം തന്നെ!


"ഇനി തുടങ്ങാം"
ഏതാണ്ട് 20-21 വയസ്സാണ് ശരാശരി ആയുസ്സ്. ചിറകുകള്‍ V ഷെയിപ്പില്‍ പിടിച്ചു മണിക്കൂറുകളോളം പറക്കാന്‍ ഇവയ്ക്കു കഴിയും.അറുപതു മൈല്‍ സപീഡില്‍ വരെ പറക്കുന്ന ഇവര്‍ക്ക് ഏതാണ്ട് 6 മണിക്കൂറോളം ചിറകടിക്കാതെ പറന്നു നില്ക്കാന്‍ കഴിയുമെന്നും വായിച്ചു! (ഇതൊക്കെ എങ്ങനെ അളക്കുന്നോ ആവോ!)


"ശ്ശെ! .. വീണ്ടും ഡിസ്റര്‍ബന്സ്"

ടര്‍ക്കി വള്ചര്‍ കൂട്ടമായി ചേക്കേറുന്നവരാണ്. ഇര തേടുവാന്‍ മാത്രം ഒറ്റ തിരിഞ്ഞു ഇറങ്ങാറുണ്ട്‌. ചിറകു പൊക്കി വിരിച്ചു പിടിച്ചു ഇവരുടെ നില്‍പ്പ് പ്രസിദ്ധമാണ്. "ഹൊറാള്‍ടിക് പോസ്" എന്നാണിതറിയപ്പെടുന്നത്. ഇതു ചിറക് ഉണക്കുന്നതിനും ശരീരം ചൂടാക്കുന്നതിനും ബാക്ടീരിയ കളയുന്നതിനും കൂടിയാണ്.

"ആഹാ! യമ്മീ!!"

ശത്രുക്കളെയും മറ്റു ജീവികളെയും അകറ്റാന്‍ ഇവര്‍ ചെയ്യുന്നത് ഒരു തരം "വാള് വയ്ക്കലാണ്". പകുതി ദഹിച്ച മാംസക്കഷണങ്ങള്‍ ഇവര്‍ ചുമച്ചു തുപ്പിവയ്ക്കും. "മനം മയക്കുന്ന" ഈ നാറ്റം സഹിക്കാന്‍ വയ്യാതെ ഒരു മാതിരിപെട്ട ഒരുത്തരും അടുത്ത് വരില്ല പോലും! എന്നിട്ടും അടുത്ത് വരുന്നവരുടെ കണ്ണിലും വായിലും വാള് വയ്ക്കുന്ന പതിവുമുണ്ടാത്രേ! ഇതും പോരാഞ്ഞ് വയറ്റില്‍ ദഹിക്കാതെ കിടക്കുന്ന വലിയ മാംസക്കഷണങ്ങള്‍ അയവെട്ടി പുറത്തെടുത്തു മറ്റുള്ളവര്‍ക്ക് കഴിക്കാന്‍ കൊടുത്തു സ്വന്തം ഇരയില്‍ നിന്നും അവരുടെ ശ്രദ്ധ തിരിപ്പിക്കുന്ന "ദാനശീലര്‍" കൂടിയാണിവര്‍!
"ഇവിടെ ഭയങ്കര ശല്യമാണല്ലോ"

സ്വന്തം കാലില്‍ മൂത്രമൊഴിക്കുന്ന സ്വഭാവവും ഇക്കൂട്ടര്‍ക്കുണ്ട്. ബാഷ്പീകരണം മൂലം ശരീരം തണുക്കുന്നതിനും മൂത്രത്തിലുള്ള സ്ട്രോങ്ങ്‌ ആസിഡ് ശവശരീങ്ങളില്‍ നിന്നും കിട്ടിയ ബാക്ടീരിയ നീക്കം ചെയ്യുന്നതും കൊണ്ടാണീ പ്രത്യേക പരിപാടി.


"ഇനി പിന്നെ വരാം"

ഞാന്‍ മനസ്സിലാക്കിയിരുന്നത് ശവശരീരം കാണുമ്പോള്‍ മാത്രമാണ് കഴുകന്മാര്‍ വട്ടമിട്ടു പറക്കുന്നതെന്നായിരുന്നു. എന്നാല്‍ നീണ്ട പറക്കലിന് മുന്നോടിയായും ഭക്ഷണം അന്വേഷിച്ചും പിന്നെ കളിക്കുമ്പോളും ഇവര്‍ വട്ടമിട്ടു പറക്കാറുണ്ടെന്നത് പുതിയ അറിവായിരുന്നു.

പാവം മാന്‍കുട്ടി

അന്താരാഷ്ട്ര ദേശാടന പക്ഷി സംരക്ഷണ നിയമമനുസരിച്ച് ടര്‍ക്കി വള്ചര്‍ അമേരിക്കയില്‍ സംരക്ഷിതരാണ്. അമേരിക്കയില്‍ ഈയടുത്തകാലത്തു ഇവരുടെ എണ്ണം ഏതാണ്ട് രണ്ടു ശതമാനത്തോളം വര്‍ധിച്ചിട്ടുണ്ട്!
(വിവരങ്ങള്‍ക്ക് കടപ്പാട് : വികിപിഡിയ ഉള്‍പ്പെടെയുള്ള പല സൈറ്റുകള്‍ )






14 comments:

പാഞ്ചാലി said...

അനോണി ആന്റണിക്ക് 250 ആം പോസ്റ്റും ക്രിസ്ത്മസും പ്രമാണിച്ചു എന്റെ വക ഒരു ടര്‍ക്കി!

Tomkid! said...

നന്ദി പുതിയ അറിവുകള്‍ക്ക്...

നിരക്ഷരൻ said...

പുത്തനറിവുകള്‍ ഒരുപാട് പകര്‍ന്നുതന്നു ഈ പോസ്റ്റ് . നന്ദി

കൃസ്തുമസ്സ് ആശംസകള്‍

മങ്കലശ്ശേരി ചരിതങ്ങള്‍ said...

ടര്‍ക്കി = ടവല്‍...

ആ ഒരു വിചാരത്തിലാ വന്നത്‌.

വിവരണം ക്ഷ പിടിച്ചു!

smitha adharsh said...

എല്ലാം പുതിയ അറിവുകള്‍...നന്ദി..

ഞാന്‍ ആചാര്യന്‍ said...

ഇതു വായിച്ചതോടേ മാനിറച്ചിയും ടര്‍ക്കിയും കഴിക്കുന്നത് നിര്‍ത്തി...താങ്കളൂടെ നവവല്‍സരം നന്മകളാല്‍ നിറയട്ടെ

അനോണി ആന്റണി said...

പാഞ്ചാലീ,
ക്രിസ്തുമസ് ആശംസകള്‍ അരിയേര്‍സ് ആയിട്ടും നവവത്സരാശംസകള്‍ അഡ്വാന്‍സ് ആയിട്ടും. (അഞ്ചാറു ദിവസം ബ്ലോഗ് വായിക്കാന്‍ നേരമില്ലായിരുന്നേ)

പോസ്റ്റ് അസ്സലായി. ടര്‍ക്കിക്കഴുകന്മാര്‍ മനസ്സമാധാനമഅയി റോഡ് ക്ലീന്‍ ചെയ്യാന്‍ വണ്ടികള്‍ ശല്യമായതുകൊണ്ടാണ്‌ ഇത്രയും സമയം മാന്‍ അവിടെ കിടന്നത്- ഇല്ലെങ്കില്‍ ഇവന്മാര്‍ നക്കിത്തുടച്ച് എല്ലുമാത്രമാക്കി റോഡരിക് ക്ലീന്‍ ക്ലീന്‍ ആക്കിയേനെ.

അപ്പ പ്രശ്നം ചാളകിട്ടാനില്ലാത്തതാണല്ലേ. പോസ്റ്റാക്കും ഞാന്‍. നമതിന്റെ കൊഞ്ചിനു പിറകേ പാഞ്ചാലിയുടെ ചാളയും പോസ്റ്റും. ഇങ്ങനെയൊക്കെയല്ലേ ഓരോ സബ്ജക്റ്റ് വന്നു വീഴുന്നത്. പോസ്റ്റ് ഒടനേ. (എന്തരു കണ്ടാലും അപ്പ പോസ്റ്റിടണം എനിക്ക്. ഇതൊരു രോഗമാണോ ഡോക്റ്റര്‍?)

പിന്നെ തുപ്പ്- അതു ടര്‍ക്കി കഴുകന്മാരുടെ കുത്തകയൊന്നുമല്ല കേട്ടോ. ഞങ്ങടെ അവിടെ ഒരു "നൈന" ഉണ്ടായിരുന്നു (മരിച്ചു പോയി) അയാള്‍ ആരെ തെറി പറഞ്ഞാലും കേട്ടവന്‍ മിണ്ടാതെ പോകുകയേ ഉള്ളു- അടിക്കാന്‍ ചെന്നാം നൈന തുപ്പും, അത് എല്ലാര്‍ക്കും അറീയാം

Anonymous said...

very interesting way of narration... Pachaly has grown ages.. american jeevitham ninnil kalavibhvathinte vithukal pakiyathil santhosham... keep going ..

അനോണി ആന്റണി said...

ദാണ്ട് പോസ്റ്റ് : -

പാഞ്ചാലിയും ചാളയും

പറഞ്ഞാ പറഞ്ഞതുപോലെ ചെയ്യും, ഹും.

പാഞ്ചാലി said...

ടോംകിഡ്, നിരക്ഷരന്‍, മങ്കലശ്ശേരി..., സ്മിത, ആചാര്യന്‍, അനോണി ആന്റണി, ഇംഗ്ലീഷുകാരന്‍ അനോണി.. വരവിലും കമന്റിലും പെരിയ സന്തോഷം.
അന്തോണിച്ചായന്റെ മത്തിപോസ്റിനു അഭിനന്ദനങ്ങള്‍! ഇങ്ങനെ വാക്കു പറഞ്ഞാല്‍ പാലിക്കുന്നവരെപ്പറ്റി എനിക്ക് നല്ല മതിപ്പാണ്. പിന്നെ "നൈന" കൊള്ളാം! ഞങ്ങളുടെ നാട്ടില്‍ ഒരു "ചാക്കിലളിയന്‍" ഉണ്ടായിരുന്നു. ഒരു ചാക്കുമായി കറങ്ങി നടക്കുന്ന ഒരു അര ലൂസ് പാര്‍ട്ടി. തെറി വിളിക്കില്ല. പൈസ ചോദിക്കും കൊടുത്തില്ലേല്‍ ആദ്യം വാണ്‍ ചെയ്യും തുപ്പുമെന്ന്! മിക്കവാറും ആളുകള്‍ എന്തെന്കിലും കൊടുക്കും. കൊടുക്കാത്തവര്‍ക്ക് തുപ്പുറപ്പ്! ഈയിടെയായി കക്ഷിയെ കാണാറില്ല.

ഡിസംബര്‍ 25 നു ടര്‍കി പോസ്റ്റിട്ടതിനു ശേഷം അന്ന് രാത്രി ജാക്ക് ഹാനയുമായുള്ള പുതിയ "ലാറി കിംഗ്‌ ഷോ" കണ്ടു കൊണ്ടിരിക്കുമ്പോള്‍ (ആനിമല്‍ സ്പെഷല്‍) ഇതാ വരുന്നു ടര്‍ക്കി വള്ചര്‍! എന്തൊരു കോഇന്സിഡന്സ്! പോരാത്തതിന് ക്രിസ്മസ് വെക്കേഷന്‍ കറക്കത്തിനിടയില്‍ വെര്‍ജീനിയായില് ഒരു സൂ സന്ദര്‍ശിച്ചപ്പോള്‍ വീണ്ടും കണ്ടു ടര്‍ക്കി വള്ച്ചറിനെ! (ജാക്ക് ഹാനയും ലാറി കിങ്ങും ഉള്ള ഒരു പഴയ ഷോ ഇവിടെ കാണാം.)

Anonymous said...

this post is for anony antony since his site doesnt permit anony writers.. pachaly pls forward it to him...


Anony antony- namaskaram - oru post nu vendy ithrayum researcho??? ascharyamm... nannayee... pakshe swalpam koodippoyee ennoru samsyam .. aasayam othuckiyal kidulan thanee.. panchaly chala kittatha malayorathu ninnanu varavu... pavathodu kshmeee..

Zebu Bull::മാണിക്കൻ said...

Dear Panchali, I enjoyed reading this post. Your description and the pictures were pretty neat. I hereby promote you to a 'Puli' from an 'Eli' :-)

BTW, the speed of the vulture that you mention (60 mph) is almost certainly the stoop speed, which is usually greater than the horizontal speed.

Keep flying/frying (chala)!

പാഞ്ചാലി said...

എന്നെ അറിയാവുന്ന ഇംഗ്ലീഷുകാരന്‍ അനോണീ, വരവിലും കമന്റിലും സന്തോഷം! പിന്നെ അനോണി ആന്റണി താങ്കളുടെ കമന്റ് കമന്റ് ഫോളോ അപ്പിലൂടെ കണ്ടിരിക്കണം.

സെബു,കമന്റ് കണ്ടതില്‍ സന്തോഷം. എന്നെ പുലിയാക്കരുതേ പ്ലീസ്! ബുദ്ധിമുട്ടി എലിയായിക്കഴിയുന്നതു തന്നെ വളരെ സന്തോഷം! പിന്നെ മണിക്കൂറില്‍ 60 മൈല്‍ എന്നത് വള്‍ച്ചറിന്റെ ഡൈവിംഗ് സ്പീഡാണെന്ന് അറിയാമായിരുന്നു. പക്ഷെ പോസ്റ്റ് ഒത്തിരി നീണ്ടുപോയെന്നു തോന്നിയതിനാലും മലയാളം എഴുത്തു ഇപ്പോഴും എനിക്കു ബുദ്ധിമുട്ടായതിനാലും അവസാനമായപ്പോഴേയ്ക്കും വിവരണം ചുരുക്കിയതാണ്.

Anonymous said...

Your blog keeps getting better and better! Your older articles are not as good as newer ones you have a lot more creativity and originality now keep it up!