ഫാരിങ്ടന്‍ ലേയ്ക്-ഹേമന്തത്തില്‍
Wednesday, January 21, 2009
വസന്തവും ഹേമന്തവും ശിശിരവും-ചിത്രങ്ങളില്‍
ഫാരിങ്ടന്‍ ലേയ്ക്-ഹേമന്തത്തില്‍
Monday, January 12, 2009
വിര്‍ജീനിയായിലെ നാച്ചുറല്‍ ബ്രിജ്ജിലേക്കൊരു യാത്ര
അമേരിക്കന്‍ ചരിത്രതില്‍ പ്രധാന സ്ഥാനമുള്ള ഒരു സംസ്ഥാനമാണ് വിര്‍ജീനിയ. അമേരിക്കയുടെ ആദ്യ അഞ്ചു പ്രസിഡന്റുമാരില്‍ നാലുപേരും വിര്‍ജീനിയക്കാരായിരുന്നു! വിര്‍ജീനിയായിലെ ഹിസ്റ്റൊറിക് ട്രയാംഗിള്‍ (വില്ല്യംസ് ബര്‍ഗ്, ജെയിംസ് ടൌണ്‍, യോര്‍ക് ടൌണ്‍ എന്നീ സ്ഥലങ്ങള്‍ ചേര്‍ന്ന) വളരെയധികം സഞ്ചാരികളെ ആകര്‍ഷിക്കാറുണ്ട്. അമേരിക്കന്‍ ചരിത്രം അറിയാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഈ സ്ഥലങ്ങള്‍ വളരെ ഇഷ്ടപ്പെടും. കൂടാതെ ഒരു ഇന്‍ഡോര്‍ വാട്ടര്‍ പാര്‍ക്കും മ്യൂസിയങ്ങളും പലതരം ബ്രാന്‍ഡുകളുടെ ഫാക്ടറി ഔട്ലെറ്റുകളും (വിലക്കുറവില്‍ സാധനങ്ങള്‍ കിട്ടുന്ന) മറ്റും ഇവിടെയുണ്ട്.
പിറ്റേദിവസം രാവിലെ ബ്രേക്ഫാസ്റ്റ് കഴിഞ്ഞ് ഹോട്ടല്‍ ലോബിയില്‍ നിന്നു കിട്ടിയ വിര്‍ജീനിയ റ്റൂറിസത്തിന്റെ ഒരു ബ്രോഷറില്‍ നിന്നാണ് നാച്ചുറല്‍ ബ്രിജ്ജിനേക്കുറിച്ചു കാണുന്നത്. നെറ്റില്‍ സേര്‍ച്ച് ചെയ്തു കുറെ വിവരങ്ങള്‍ കൂടെ ശേഖരിച്ചു. എന്നാല്‍ അടുത്ത ദിവസം അങ്ങോട്ടു തന്നെ പൊയ്ക്കളയാം എന്നും തീരുമാനമായി. അവിടെ ആകെപ്പാടെയുള്ള ഒരു ഹോട്ടലായ നാച്ചുറല്‍ ബ്രിജ്ജ് ഹോട്ടലില്‍ റൂം ബൂക്ക് ചെയ്തു. രണ്ടു ദിവസം റിലാക്സ് ചെയ്തതിനു ശേഷം (വില്യംസ് ബര്‍ഗില്‍ കാര്യമായി ഒന്നും കണ്ടില്ല, ആകെപ്പാടെ കുറെ മ്യൂസിയങ്ങളും ഔട്ലെറ്റ് സ്റ്റോറുകളും വില്യംസ് ബര്‍ഗ് വൈനറിയും മാത്രം കറങ്ങി!) മൂന്നാം ദിവസം രാവിലെ തന്നെ നാച്ചുറല്‍ ബ്രിജ്ജിലേയ്ക്കു തിരിച്ചു. റൂം ചെക്കൌട്ട് ചെയ്യാന്‍ തുടങ്ങിയപ്പൊള്‍ മുതല്‍ പുത്രന്‍ കരച്ചില്‍ തുടങ്ങി. (അവനാരോ ഹോട്ടല്‍കാര്‍ കൈവിഷം കൊടുത്തതാണെന്നു തോന്നുന്നു, ഹോട്ടല്‍ റൂമില്‍ താമസിക്കുക എന്നാല്‍ കക്ഷിക്കു സ്വര്‍ഗ്ഗം കിട്ടിയതു പോലെയാണ്. റൂം വിടുകയാണ് എന്നു കേള്‍ക്കുമ്പൊള്‍ തന്നെ തുടങ്ങും കരച്ചില്‍. ) പിന്നെ വേറെ ഹോട്ടലിലേയ്ക്കാണു പോകുന്നത് എന്നു പറഞ്ഞ് സമാധാനിച്ച് വണ്ടിയില്‍ കയറ്റി.
വില്യംസ് ബര്‍ഗില്‍ നിന്നും ഏതാണ്ട് 200 മൈല്‍ പടിഞ്ഞാറാണ് നാച്ചുറല്‍ ബ്രിജ്ജ്. ഏതാണ്ട് മൂന്നര മണിക്കൂര്‍ യാത്ര. ഇന്റെര്‍സ്റ്റേറ്റ് ഹൈവേ അറുപത്തിനാല് (I-64) വഴിയാണ് അങ്ങോട്ട് പോയത്. കുറേ ദൂരം പിന്നിട്ടു കഴിഞ്ഞപ്പോള്‍ ഷെനന്‍ഡോവ വാലി, ബ്ലൂ റിജ്ജ് മൌണ്ടന്‍ എന്നൊക്കെയുള്ള ബോര്‍ഡുകള്‍ കണ്ടതോടെ പുത്രന്‍ ആനന്ദതുന്ദിലനായി. അവന്റെ ഏറ്റവും പ്രിയ ഗാനമായ “കണ്ട്രി റോഡ്സ് റ്റേക്ക് മി ഹോമില്‍” ഇവയേക്കുറിച്ചു സൂചിപ്പിക്കുന്നതിനാല്‍! (ജോണ്‍ ഡെന്വറിന്റെ ഈ പാട്ട്-ഞങ്ങളുടെ ഡിഗ്രി പഠനകാലത്തും, അതിനു മുന്‍പും, പിന്‍പും പ്രസിദ്ധമായിരുന്ന-കുറേ നാളുകളായി വീട്ടിലും വണ്ടികളിലും സ്ഥിരം ഓടുന്നു! ഈ പാട്ടല്ലാതെ വേറൊന്നും കേള്‍ക്കാന്‍ കക്ഷി സമ്മതിക്കില്ല! കുറച്ചു നാളായി തന്റെ ലാസ്റ്റ് നെയിം, ജോണ്‍ ഡെന്വര്‍ മാറ്റിയതു പോലെ, “ഡെന്വര്‍” എന്നാക്കാന്‍ പറ്റുമോ എന്നാലോചിച്ച് നടക്കുകയാണു പാര്‍ട്ടി! ഈ ആറു വയസ്സുകാരന്‍ പിയാനോയില്‍ ആദ്യമായി വായിക്കാന്‍ പഠിച്ചതും ഈ പാട്ടു തന്നെ!). പാട്ട് കേട്ടപ്പോള്‍ ഞാന്‍ വിചാരിച്ചിരുന്നത് ബ്ലൂ റിജ്ജ് മൌണ്ടന്‍ വെസ്റ്റ് വിര്‍ജീനിയ സ്റ്റേറ്റിലാണെന്നാണ്. ഒരു ഭാഗം വിര്‍ജീനിയായിലും ഉണ്ടെന്നത് എനിക്ക് പുതിയ അറിവായിരുന്നു.
വളരെ മനോഹരമാണു ഷെനന്‍ഡൊവ വാലിയിലൂടെയുള്ള യാത്ര. അപ്പലേച്യന്‍ പര്‍വത നിരയിലൂടെയുള്ള യാത്ര വിന്റെറായിരുന്നിട്ടും വളരെ നയനമനോഹരമായിരുന്നു. ഐ-64 റോക്ക് ഫിഷ് ഗ്യാപ് എന്ന മലനിരകളിലെ ഉയരം കുറഞ്ഞ സ്ഥലത്തു വച്ച് ബ്ലൂ റിജ്ജ് മലനിര മുറിച്ചുകടക്കുന്നു. ഐ-64 ഇല്‍ നിന്നും വടക്കോട്ട് പോകുന്ന സ്കൈ ലൈന്‍ ഡ്രൈവും തെക്കോട്ടുപോകുന്ന ബ്ലൂ റിജ്ജ് പാര്‍ക്ക് വേയും അമേരിക്കയിലേ തന്നെ ഏറ്റവും നയനാഭിരാമമായ റൂട്ടുകളാണെന്നു പിന്നീടറിഞ്ഞു. “ഫാള്‍ സീസണില്‍” ഇവിടം സന്ദര്‍ശിക്കുന്നതാണു കൂടുതല്‍ നന്നെന്നു അനുഭവസ്ഥര്‍ പറഞ്ഞതിനാല്‍ അടുത്ത ഫാളില്‍ അതിലേ പോകാമെന്നു തീരുമാനിച്ചു. ഐ-64 ഇല്‍ കൂടെ പോകുമ്പോള്‍ പലയിടത്തും വച്ച് അകലെ ബ്ലൂ റിജ്ജ് മൌണ്ടന്‍ കാണാം. പേരു പോലെ തന്നെ നീലകലര്‍ന്ന ഒരു നിറമാണീ പര്‍വതനിരകള്‍ക്ക്. ഈ മലനിരകളില്‍ ഉള്ള പൈന്‍ മരങ്ങള്‍ പുറത്തു വിടുന്ന ഏതോ പ്രത്യേക തരം ഹൈഡ്രൊ കാര്‍ബണാണിതിനു കാരണം എന്നു എവിടെയോ വായിച്ചു. (ഇനിയിപ്പോള്‍ ഏതു ഹൈഡ്രൊ കാര്‍ബണ്‍, പൈന്‍ മരം മാത്രമേ ഹൈഡ്രൊ കാര്‍ബണ്‍ പുറത്തു വിടുകയുള്ളോ എന്നൊക്കെ ചോദിച്ചാല്‍ എനിക്ക് ഒരു ഉത്തരമേയുള്ളൂ “കെമിസ്ട്രിയിലും ബോട്ടണിയിലും മറ്റു വിഷയങ്ങളിലേപോലെ തന്നെ ഞാനൊരു വലിയ വലിയ പൂജ്യമാണ്!” ഗൂഗിളേ ശരണം!!!) ഐ-64 ഇല്‍ നിന്നും ഇടത്തേയ്ക്ക് (സൌത്ത്) തിരിഞ്ഞു ഏതാണ്ട് പതിനഞ്ചു മിനിറ്റ് ഐ-81 എന്ന ഇന്റെര്‍സ്റ്റേറ്റ് ഹൈവേയില്‍ യാത്ര ചെയ്തപ്പോഴേക്കും നാച്ചുറല്‍ ബ്രിജ്ജ് എക്സിറ്റ് കണ്ടു. അവിടെ നിന്നും ഏതാണ്ട് 5 മിനിറ്റ് ഡ്രൈവ് വേണ്ടി വന്നു ഹോട്ടലില്‍ എത്താന്‍. ഈ ബ്രിജ്ജ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിനും റ്റൌണ്‍ഷിപ്പിനും നാച്ചുറല്‍ ബ്രിജ്ജ് എന്നു തന്നെയാണ് പേര്‍.
നാച്ചുറല്‍ ബ്രിജ്ജ് ഹോട്ടല്‍
തദ്ദേശവാസികളായിരുന്ന മൊണാക്കന്‍ ഇന്‍ഡ്യന്‍സിന്റെ കയ്യില്‍ നിന്നും, ബ്രിട്ടീഷ് അധിനിവേശത്തെത്തുടര്‍ന്നു, ബ്രിട്ടീഷ് ഉടമസ്ഥതയിലായി ഇപ്രദേശം. 1750-ല്‍ ജോര്‍ജ് വാഷിങ്ടണ്‍ (പിന്നീട് അമേരിക്കയുടെ ആദ്യ പ്രസിഡന്റായി) ഈ പ്രദേശം സര്‍വ്വേ നടത്തുകയുണ്ടായി. (അക്കാലത്ത് അദ്ദേഹം കൊത്തിവച്ചതാണെന്നു പറയപ്പെടുന്ന G.W ഇനീഷ്യത്സ് ഇപ്പോഴും ബ്രിജ്ജില്‍ കാണാം). 1774 -ല്‍ തോമസ് ജെഫേഴ്സണ്‍ (ഇദ്ദേഹം പിന്നീട്, 1801-1809, മൂന്നാമത്തെ അമേരിക്കന്‍ പ്രസിഡന്റായി) ഇംഗ്ലണ്ടിലെ രാജാവായിരുന്ന ജോര്‍ജ് മൂന്നാമന്റെ കയ്യില്‍ നിന്നും നാച്ചുറല്‍ ബ്രിജ്ജും മറ്റും ഉള്‍പ്പെടുന്ന 157 ഏക്കര്‍ 20 ഷില്ലിംഗിന് ( ഒരു പൌണ്ടിന്) വാങ്ങി. അദ്ദേഹം പണികഴിപ്പിച്ച ഇരട്ടമുറി കാബിന്‍ ഇരുന്ന സ്ഥലത്തു തന്നെയാണീ ഹോട്ടല്‍. 1833-ല്‍ തോമസ് ജെഫേഴ്സന്റെ അനന്തരാവകാശികളില്‍ നിന്നും ഈ സ്ഥലം വാങ്ങിയ ആള്‍ അവിടെ ഫോറെസ്റ്റ് ഇന്‍ എന്ന ഹോട്ടെല്‍ പണികഴിപ്പിച്ചു. 1963-ല്‍ ഒരു തീപിടുത്തത്തില്‍ പൂര്‍ണ്ണമായി കത്തി നശിച്ച ആ ഹോട്ടലിനു പകരമായി പണികഴിപ്പിച്ചത് ആണ് ഇന്നു കാണുന്ന ഹോട്ടല്‍. 1800 കളില്‍ യൂറോപ്പില്‍ നിന്നും ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ പേര്‍ അമേരിക്കയില്‍ സന്ദര്‍ശിച്ചിരുന്നത് നയാഗ്രയും നാച്ചുറല്‍ ബ്രിജ്ജുമായിരുന്നത്രേ!
നാച്ചുറല്‍ ബ്രിജ്ജിലെ പ്രഭാതം-ഹോട്ടല്‍ ജന്നലിലൂടെ
അന്‍പതു വര്‍ഷത്തോളം പഴക്കമുണ്ടെങ്കിലും സ്വിമ്മിംഗ് പൂള്‍, ഫിറ്റ്നെസ്സ് സെന്റെര്‍, കോണ്ടിനെന്റല്‍ റെസ്റ്റൊറന്റ്, കോണ്‍ഫെറന്‍സ് ഹാളുകള്‍ എന്നീ സൌകര്യങ്ങളെല്ലാം ഈ ഹോട്ടലിലുണ്ട്. കൂടാതെ റെഡ് റ്റാവേണ്‍ എന്നൊരു നല്ല മദ്യശാലയും കോട്ടേജുകളും നാച്ചുറല്‍ ബ്രിജ്ജിനരികത്തായി ഒരു കാഷ്വല്‍ ഡൈനിംഗ് ഏരിയായും ഉണ്ട്. ബ്രേക്ഫാസ്റ്റും ബ്രിജ്ജ് വിസിറ്റിങ് പാസും ഉള്‍പ്പെടുന്ന സ്വീറ്റ് പക്കേജ് ചാര്‍ജ്ജ് $100 ആയിരുന്നു.
പ്രാതലും കാത്ത്-ഹോട്ടലിലെ റെസ്റ്റൊറന്റ്
കഴിഞ്ഞ രണ്ട് ദിവസവും അമേരിക്കന്‍ ഭക്ഷണം കഴിച്ച് (ബര്‍ഗറും മറ്റും കണ്ടുപിടിച്ചവനെ കിട്ടിയാല്‍ തട്ടിക്കളയും എന്ന അവസ്ഥയിലായിരുന്നു ഞങ്ങള്‍. എന്തിനു ഫ്രെഞ്ച് ഫ്രൈ പ്രാന്തരായ കുട്ടികള്‍ വരെ മടുത്തു കഴിഞ്ഞിരുന്നു!) മടുത്തതിനാല്‍ ഞങ്ങള്‍ ഇന്‍ഡ്യന്‍ അല്ലെങ്കില്‍ ചൈനീസ് റെസ്റ്റൊറന്റ് തപ്പിയിറങ്ങി. ഇന്‍ഡ്യന്‍ റെസ്റ്റൊറണ്ട് ഏതാണ്ട് 45 മിനിറ്റ് ഡ്രൈവുണ്ട് എന്നറിഞ്ഞതിനാലും ചൈനീസ് റെസ്റ്റൊറണ്ട് അടയ്ക്കാറായതിനാലും “റൂബി റ്റ്യൂസ്ഡെയ്” എന്ന ഒരു അമേരിക്കന്‍ ചെയിന്‍ റെസ്റ്റൊറന്റില്‍ ഡിന്നറിനായി ശരണം പ്രാപിച്ചു.
ഹോട്ടലിലെ റെഡ് ബോക്സ് റ്റാവേണ്‍
രാവിലെ എഴുന്നേറ്റ് ബാല്‍ക്കണിയില്‍ നിന്നും സൂര്യോദയം നല്ലൊരു കാഴ്ചയായിരുന്നു. ഓഫ് സീസണായതിനാല്‍ ആള്‍ത്തിരക്കും വണ്ടികളും വളരെ കുറവായിരുന്നു. ഫ്രെഷ് ആയി കോണ്ടിനെന്റല്‍ ബ്രേക്ക്ഫാസ്റ്റിനായി റെസ്റ്റൊറണ്ടില്‍ എത്തി. പല ഹോട്ടലുകളിലും താമസിച്ചിട്ടുണ്ടെങ്കിലും ഇത്രയും നല്ല ബ്രേക്ഫാസ്റ്റ് വളരെ അപൂര്‍വ്വമായി മാത്രമേ കിട്ടാറുള്ളൂ! ഏതാണ്ട് 60 നു മുകളില്‍ പ്രായമുള്ള റോസലീന്‍ എന്ന അമേരിക്കക്കാരിയായിരുന്നു വെയിറ്റ്രസ്. ആയമ്മ തന്റെ ഭര്‍ത്താവ് റിട്ടയര്‍ ആയതിനു ശേഷം നാച്ചുറല്‍ ബ്രിജ്ജിലേയ്ക്കു താമസം മാറ്റിയതാണ്. ഇപ്പോഴും കരടിയും വിര്‍ജീനിയന്‍ വൈപ്പര്‍ എന്ന അണലിപാമ്പും മാനുകളും ഇടയ്ക്ക് വീടു സന്ദര്‍ശിക്കാറുണ്ടെന്നു കേട്ടപ്പോള്‍ അത്ഭുതം തോന്നി.
റെസ്റ്റൊറന്റ്-മറ്റൊരു ദൃശ്യം
സീസണായാല്‍ ഹോട്ടല്‍ നിറയാറുണ്ടെന്നും വളരെ തിരക്കാകാറുണ്ടെന്നും റോസി ചേച്ചി പറഞ്ഞു. പാന്‍ കെയ്ക്ക് എന്ന അമേരിക്കന്‍ ദോശയ്ക്ക് ഇത്ര റ്റേസ്റ്റുണ്ടെന്നു മനസ്സിലായതും ഇവിടെ നിന്നാണ്.
ഹോട്ടല്‍ വരാന്ത
പാലത്തിനുള്ളില്‍ വച്ച് അരുവി ഗതി മാറുന്നതിനാല്‍ പാലം കഴിഞ്ഞ് നടപ്പാത അരുവിയുടെ ഇടതു വശത്തേയ്ക്ക് മാറുന്നതിനാല്‍ അവിടെ അരുവി കുറുകേ കടക്കാന്‍ ഒരു ചെറിയ പാലമുണ്ട്.
ഇരുവശവുമുള്ള പാറക്കെട്ടുകളില്‍ പലരും പേരുകള്‍ കൊത്തിവച്ചിരിക്കുന്നതു കാണാം. 1850-ല്‍ ഇവിടം സര്‍വ്വേ ചെയ്ത ജോര്‍ജ്ജ് വാഷിങ്ടണ്‍ കൊത്തിവച്ചതാണെന്ന് പറയപ്പെടുന്ന G.W അക്ഷരങ്ങള്‍ (ഇതിന് ആധികാരികമായ സാക്ഷ്യം ഒന്നുമില്ല്ല പോലും!) ഇപ്പോഴും കാണാം.
തിരക്ക് വളരെ കുറവായിരുന്നതിനാല്‍ റ്റ്രെയിലിലൂടെയുള്ള യാത്ര വളരെ രസകരമായിരുന്നു. ഞങ്ങളേക്കൂടാതെ വേറെ ഒന്ന് രണ്ട് ഫാമിലി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അരുവിയുടെ കളകളാരവവും പക്ഷികളുടെ സംഗീതവും ആസ്വദിച്ച് വന്മരങ്ങളുടെ നിഴലിലൂടെ ആ ഇളം തണുപ്പിലുള്ള യാത്ര രസകരമായിരുന്നു! പലതരം പക്ഷികളും ചിത്രശലഭങ്ങളും അണ്ണാന്‍, റക്കൂണ്‍, ഒപ്പൊസം, മുയല്‍ തുടങ്ങിയ ജന്തുക്കളും ഇവിടെ സുലഭമാണത്രേ!(പക്ഷെ തണുപ്പായാല്‍ കാണാന്‍ ബുദ്ധിമുട്ടാണ്.)
കുറച്ചുകൂടി മുന്നോട്ടു പോയാല്‍ ഇവിടെ താമസിച്ചിരുന്ന ആദിവാസികളായിരുന്ന മൊണോക്കന്‍ ഇന്‍ഡ്യന്‍സിന്റെ കുടിലുകളുടെ പുനരാവിഷ്ക്കാരം കാണാം. (ഇവയും വിന്ററായതിനാല്‍ പുതുക്കിപ്പണിയിലായിരുന്നു.) സീസണില്‍ ഇവിടെ ആദിവാസ വേഷധാരികളായ മോഡലുകളേയും റെഡ് ഇന്‍ഡ്യന്‍ ജീവിതരീതിയുടെ പുനരാവിഷ്കാരവും കാണാം. 1928 മുതല്‍ ലൈറ്റ് ആന്‍ഡ് സൌണ്ട് ഷോയും ബ്രിജ്ജില്‍ നടത്തുന്നുണ്ട് ( സീസണില്‍ മാത്രം).
അതിന് ശേഷം തൊട്ടടുത്ത് തന്നെയുള്ള ടോയ് മ്യുസിയം സന്ദര്‍ശിച്ചു. 1740 മുതല്‍ 2000 വരെയുള്ള 45000-ത്തില്‍ പരം കളിപ്പാട്ടങ്ങളും പാവകളും ഇവിടെ ശേഖരിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് വളരെ ഇഷ്ടപ്പെടും എന്ന് വിചാരിച്ച് പോയ ഈ സ്ഥലം ഞങ്ങളെയെല്ലാവരെയും വളരെ നിരാശപ്പെടുത്തി. കളിപ്പാട്ടങ്ങളെല്ലാം, ഒരു വിവരണവുമില്ലാതെ, റാക്കില്‍ വച്ചിരുന്നതിനാല്‍ ഒരു കളിപ്പട്ടക്കടയില്‍ പോയ പ്രതീതി മാത്രം നല്കി. ആളൊന്നിന് പത്തു ഡോളര്‍ പോയത് മിച്ചം!
34 നില വരെ ആഴമുള്ള ഗുഹകളും (സീസണില്‍ മാത്രം സന്ദര്‍ശകര്‍ക്കായി തുറക്കുന്നത്) ഇവിടെ അടുത്തുണ്ട്. ഇവിടെ നിന്നും അര മണിക്കൂര്‍ ദൂരത്തിലുള്ള റോനോകെ എന്ന സ്ഥലം വളരെയധികം മ്യുസിയങ്ങളുള്ള സ്ഥലമാണ്.
മുന്വിധിയും കണക്കു കൂട്ടലുകളും ഒന്നുമില്ലാതെ പോയതു കൊണ്ടായിരിക്കണം, ഇത്രയും സ്ഥലങ്ങള്‍ ഓഫ് സീസണായതിനാല്‍ അടച്ചിട്ടിരുന്നിട്ടും, ഈ ട്രിപ്പ് ഞങ്ങള്‍ വളരെ ആസ്വദിച്ചത്. ഒരു ഗെറ്റ് എവേ മാത്രമെ ഞങ്ങള്‍ ഉദ്ദേശിച്ചിരുന്നുള്ളൂ!
വിവരങ്ങള്‍ക്ക് കടപ്പാട്: പല ബ്രോഷറുകള്‍, വെബ് സൈറ്റുകള്‍, നാച്ചുറല്‍ ബ്രിജ്ജ് ഹോട്ടല്‍ സ്റ്റാഫ്, വിര്‍ജീനിയ ടൂറിസം ഡിപ്പാര്‍ട്മെന്റ്